സമകാലിക ഇന്ത്യയില്‍ നെഹ്‌റു എന്തുകൊണ്ട് ആഘോഷിക്കപ്പെടണം

അഡ്വ. ഇ.ആര്‍ വിനോദ് കണ്ണൂര്‍

തനിക്കുശേഷം തന്റെ ആശയങ്ങള്‍ മുന്നോട്ട്‌കൊണ്ട്‌പോകാന്‍ നെഹ്‌റുവിന് സാധിക്കുമെന്ന് ഗാന്ധിജി ഉറച്ചു വിശ്വസിച്ചു. 1942 ജനുവരിയില്‍ നടന്ന വാര്‍ധ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജി പ്രഖ്യാപിച്ചു: ‘ജവഹര്‍ ആയിരിക്കും എന്റെ പിന്‍ഗാമി. ഞാന്‍ പോയിക്കഴിഞ്ഞാല്‍ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹം തുടരും. എന്റെ ഭാഷയില്‍ അദ്ദേഹം സംസാരിക്കും’. 1947 ല്‍ രാജ്യം സ്വതന്ത്രമാകുമ്പോള്‍ പ്രധാനമന്ത്രിയുടെ വസതി പുതിയ ഡല്‍ഹിയില്‍ യോര്‍ക്ക് റോഡിലെ രണ്ടുനില വീടായിരുന്നു. ആ വീടിന്റെ ചുറ്റുമതിലുകള്‍ക്കുള്ളില്‍ അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള നിരവധി ടെന്റുകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. വിഭജനാനന്തരം ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും മുന്നില്‍ പതറാതെ പിടിച്ച്‌നില്‍ക്കാന്‍ നെഹ്‌റുവിന്റെ ആശയും ആശ്രയവും ഗാന്ധിജിയായിരുന്നു. ഗാന്ധി കൊലചെയ്യപ്പെടുന്നതിന് ഒരാഴ്ചമുമ്പ് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് നെഹ്‌റു എഴുതി: ‘പ്രശ്‌നങ്ങളും പ്രതിസന്ധികളും അനുനിമിഷം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ദശലക്ഷങ്ങള്‍ സ്വന്തം മണ്ണില്‍നിന്ന് വേരുകള്‍ മുറിച്ചുമാറ്റപ്പെട്ട് കുടിയിറക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. രാജ്യം സാധാരണനില കൈവരിക്കാന്‍ ഏറ്റവും ചുരുങ്ങിയത് 1950 പിന്നിടേണ്ടിവരും. ബാപ്പു ഉപവാസം അവസാനിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കുന്നു എന്നുള്ളതാണ് ഇതിനിടയിലും ആശ്വാസം പകരുന്നത്. ആ മഹാഗോപുരത്തിലാണ് രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷ. ബാപ്പുജിയില്ലാത്ത ലോകം സങ്കല്‍പ്പിക്കാന്‍പോലും സാധ്യമല്ല’. പക്ഷേ നെഹ്‌റുവിന്റെ പ്രതീക്ഷകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല. 1948 ജനുവരി 30 ലെ ഗാന്ധിവധം നെഹ്‌റുവിനെ അക്ഷരാര്‍ത്ഥത്തില്‍ ഉലച്ചു. നെഹ്‌റുവിന്റെ ആശങ്കകളും കണക്കുകൂട്ടലുകളും ശരിവെച്ചുകൊണ്ട് പശ്ചിമബംഗാളില്‍ അഭയാര്‍ഥികളുടെ വേലിയേറ്റം തന്നെയുണ്ടായി. രാജ്യം നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് തനിക്ക് ഇപ്പോഴുള്ള അധികാരം തടസ്സമാണെന്ന് നെഹ്‌റു കരുതി. എല്ലാ ഔദ്യോഗിക ഉത്തരവാദിത്വങ്ങളും ഒഴിയാന്‍ സന്നദ്ധതയറിയിച്ച് 1950 ഫെബ്രുവരിയില്‍ നെഹ്‌റു പട്ടേലിന് കത്തെഴുതി. അതേ വര്‍ഷം മാര്‍ച്ചില്‍ പ്രസിഡണ്ട് രാജേന്ദ്രപ്രസാദിനും സമാനമായ കത്ത് നെഹ്‌റു എഴുതി. പക്ഷേ രണ്ടുപേരുടെയും മറുപടി നെഹ്‌റുവിന്റെ ചിന്തകള്‍ക്ക് അനുഗുണമായിരുന്നില്ല.
ഗാന്ധിവധത്തെതുടര്‍ന്ന് ആര്‍.എസ്.എസിന് ഏര്‍പ്പെടുത്തിയ നിരോധനം കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പിന്‍വലിക്കാന്‍ 1949 മധ്യത്തോടെ നെഹ്‌റു നിര്‍ബന്ധിതനായി. ഇത് പശ്ചിമബംഗാളിലെ അഭയാര്‍ത്ഥി പ്രശ്‌നം ആളിക്കത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ ഇടയാക്കി. മതാടിസ്ഥാനത്തില്‍ അഭയാര്‍ത്ഥികളെ ‘നിര്‍ബന്ധിത പരസ്പര കൈമാറ്റം’ നടത്തണമെന്നായിരുന്നു മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ ആവശ്യം. എന്നാല്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധം നെഹ്‌റു ശക്തിയുക്തം ഈ ആവശ്യത്തെ എതിര്‍ത്തു. ഹിന്ദുമത വിശ്വാസി അല്ലാത്തതിന്റെ പേരില്‍ ഒരാളെയും ഈ രാജ്യത്തുനിന്ന് പുറത്താക്കാന്‍ സാധ്യമല്ലെന്നും അത്തരം നീക്കം ഈ രാജ്യത്തിന്റെ സര്‍വനാശത്തിനു മാത്രമേ കരണമാകൂ എന്നും അത്തരം ആശയത്തിനെതിരെ അകത്തും പുറത്തും പേരാടുമെന്നും നെഹ്‌റു പ്രഖ്യാപിച്ചു. നെഹ്‌റുവിന്റെ ഈ നയത്തില്‍ പ്രതിഷേധിച്ചാണ് ഹിന്ദുമഹാസഭ നേതാക്കളായ വ്യവസായ വകുപ്പ് മന്ത്രി ശ്യാമപ്രസാദ് മുഖര്‍ജിയും വാണിജ്യകാര്യ വകുപ്പുമന്ത്രി കെ.സി നിയോഗിയും രാജി സമര്‍പ്പിച്ചത്. അതിനുശേഷമാണ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഇപ്പോഴത്തെ ബി.ജെ.പിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘം രൂപീകരിക്കപ്പെടുന്നത്.
‘പുതിയ ഇന്ത്യയില്‍’യില്‍ ഹിന്ദുത്വശക്തികള്‍ ക്ക് നുണ പറഞ്ഞുപോലും മോഷ്ടിക്കാന്‍ സാധിക്കാത്ത നേതാവാണ് ജവഹര്‍ലാല്‍ നെഹ്‌റു. സംഘ്പരിവാറുമായി ബന്ധപ്പെട്ട ഒരു എലമെന്റുകള്‍ക്കും നെഹ്‌റു സ്വീകാര്യമാകാത്തതിന്റെ രഹസ്യവും മറ്റൊന്നല്ല. ഒരേസമയം ഇന്ത്യനും ഇന്റര്‍നാഷണലുമായിരുന്നു നെഹ്‌റു. സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ നെഹ്‌റുവിനെതിരെ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്ക് ചരിത്രത്തിന്റെ പിന്‍ബലമില്ലെന്ന് തിരിച്ചറിയാന്‍ നമുക്കാവണം. 1949 നവംബര്‍ ആദ്യവാരം ആര്‍.എസ്.എസ് നേതാവ് എം.എസ് ഗോള്‍വാള്‍ക്കര്‍ ബോംബയിലെ ശിവാജി പാര്‍ക്കില്‍ ഒരു ലക്ഷം പേരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഹിന്ദു സംസ്‌കാരത്തിന്റെ നന്മകളെകുറിച്ചുള്ള തിളയ്ക്കുന്ന അവകാശവാദവും രാജ്യം നേരിടുന്ന സകല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി ഹിന്ദുത്വമാണെന്നും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്നുമായിരുന്നു പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം. ഒരാഴ്ച കഴിഞ്ഞു നവംബര്‍ 14 ന് തന്റെ ഷഷ്ടിപൂര്‍ത്തി ദിനത്തില്‍ ഗോള്‍വാള്‍ക്കര്‍ പ്രസംഗിച്ച അതേ ശിവാജി പാര്‍ക്കില്‍ പ്രസംഗിക്കാന്‍ നെഹ്‌റു എത്തി. ഗോള്‍വാള്‍ക്കര്‍ പ്രസംഗിച്ച അതേ മൈക്രോഫോണിലൂടെ അതേ മൈതാനത്ത് ആറു ലക്ഷം പേരെ സാക്ഷിനിര്‍ത്തി നെഹ്‌റു ആഹ്വാനം ചെയ്തത് ‘ഏകാധിപത്യത്തിനെതിരെ ജനാധിപത്യവും ഹിന്ദുമതമൗലിക വാദത്തിനെതിരെ മത നിരപേക്ഷതയുമാണ് നമ്മുടെ സമരായുധം’എന്നായിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ അണിനിരത്താന്‍ രാജ്യത്തെ ഹിന്ദുത്വശക്തികള്‍ തെരഞ്ഞെടുക്കുന്ന ബിംബങ്ങള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലും നേതാജി സുഭാഷ് ചന്ദ്ര ബോസുമാണ്. രണ്ടുപേരും നെഹ്‌റുവിന്റെ സമകാലികര്‍. ഒരാള്‍ക്ക് നെഹ്‌റുവുമായുള്ള ആശയ ഭിന്നതയാണ് സംഘത്തിന്റെ പിടിവള്ളിയെങ്കില്‍ മറ്റൊരാളുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഗൂഢാലോചനാ തിയറിയാണ് ആയുധം.
സ്വാതന്ത്ര്യത്തിനുമുമ്പ് കോണ്‍ഗ്രസില്‍ ആര്‍. എസ്.എസുകാര്‍ക്കും അംഗത്വമെടുക്കാം എന്ന പട്ടേല്‍ ലൈനിനെ നഖശിഖാന്തം എതിര്‍ത്തു തോല്‍പിച്ച ഭേദഗതിയുടെ അമരക്കാരന്‍ നെഹ്‌റുവായിരുന്നു. ഒരുപക്ഷേ നെഹ്‌റുവും സുഭാഷ് ചന്ദ്രബോസുമടങ്ങിയ കോണ്‍ഗ്രസിന്റെ യുവനിര അങ്ങിനെയൊരു ഭേദഗതി പാസാക്കിയെടുത്തില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളുടെയും പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് എന്നേ ആര്‍.എസ്.എസിന്റെ പരിവാര്‍ പ്രസ്ഥാനങ്ങളില്‍ ഒന്നായി പില്‍ക്കാലത്ത് മാറ്റപ്പെടുമായിരുന്നു. 1925ല്‍ രൂപീകരിച്ച് 2014 വരെയുള്ള ഒന്‍പത് പതിറ്റാണ്ടു കാലം ഹിന്ദുത്വം എന്ന ആശയം നടപ്പിലാക്കിയെടുക്കുന്ന ഒരു ഭരണകൂടത്തിന് പിന്നണിയില്‍നിന്ന് ചരടുവലിക്കാന്‍ ആര്‍.എസ്.എസിനെ കാത്തിരുത്തി മുഷിപ്പിച്ചതിന്റെ പ്രധാന പങ്ക് നെഹ്‌റുവിന്റെ ഈ നയങ്ങളായിരുന്നുവെന്നതുതന്നെയാണ് സംഘത്തിന് നെഹ്‌റുവിനോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുടെ ആധാരവും. ഗാന്ധിവധത്തിനുശേഷം ആര്‍.എസ്.എസിനെ നിരോധിച്ചത് സര്‍ദാര്‍ പട്ടേലായിരുന്നു. രാഷ്ട്രപിതാവിന്റെ വധത്തില്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്കുള്ള പങ്കില്‍ തെല്ലും സംശയമുണ്ടായിരുന്നില്ല പട്ടേലിന്. എന്നിട്ടുപോലും അതേ പട്ടേലിനെ തങ്ങളുടെ പോസ്റ്റര്‍ ബോയിയായി ചേര്‍ത്തുനിര്‍ത്താന്‍ ആര്‍. എസ്.എസിന് പറ്റുന്നുവെങ്കില്‍ നെഹ്‌റുവിനെതിരെ പ്രതിഷ്ഠിക്കാന്‍ തങ്ങളുടെ കൈവശം സ്വന്തമായി ഒരു ബിംബമില്ലെന്ന് ഭംഗ്യന്തരേണ സമ്മതിക്കുകകൂടിയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയണം.
ആസാദ് ഹിന്ദ് ഫൗജ് രൂപീകരിച്ച് ജന്മദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി സായുധ പോരാട്ടത്തിന് പുറപ്പെട്ട സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തിനെതിരെ പോരാടാനും അവരെ വകവരുത്താനും പരമാവധി ഹിന്ദുക്കളോട് ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്യുകയും അതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്ത ഹിന്ദുമഹാസഭ നേതാക്കള്‍ പില്‍ക്കാലത്ത് സുഭാഷ് ചന്ദ്രബോസിനെ തങ്ങളുടെ ആശയ പ്രചാരണോപാധിയാക്കി മാറ്റുകയായിരുന്നു. 1938 ലും 1939 ലും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ രണ്ടു തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു സുഭാഷ് ചന്ദ്രബോസ്എന്ന ചരിത്ര സത്യം വിദഗ്ധമായി മൂടിവെക്കപ്പെട്ടു. ഹിന്ദുത്വത്തെ നെഹ്‌റുവിനൊപ്പംചേര്‍ന്ന് ശക്തിയുക്തം എതിര്‍ത്ത ധീര ദേശാഭിമാനിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. തന്റെ സേനയിലെ ഒരു റജിമെന്റിനു നെഹ്‌റുവിന്റെ പേര് നല്‍കാന്‍ മാത്രം ബഹുമാനവും ആദരവും ബോസിന് നെഹ്‌റുവോടുണ്ടായിരുന്നു. വന്ദേമാതര ഗാനത്തേക്കാള്‍ മതേതരമായത് ജനഗണമനയാണെന്നത് ബോസിന് ബോധ്യമുള്ളത് കൊണ്ടായിരുന്നു അത് ഔദ്യോഗികമായി ഐ.എന്‍.എയില്‍ ഉപയോഗിക്കപ്പെട്ടത്. 1928 ലെ കല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍ ‘പുത്രിക രാജ്യ’പദവിക്കായി മോത്തിലാല്‍ നെഹ്‌റു പ്രമേയമവതരിപ്പിച്ചപ്പോള്‍ അതു പോരെന്നും ‘പൂര്‍ണ്ണസ്വരാജ്’ ആണ് ലക്ഷ്യമെന്ന് ജവഹര്‍ലാലിനൊപ്പം ശക്തമായി പറഞ്ഞത് ഇതേ ബോസായിരുന്നു. തീവ്ര ഇടതുപക്ഷ നിലപാടുകളുണ്ടായിരുന്ന ഭഗത്‌സിങിന്റെയും ബ്രാഹ്മണിസത്തിനെതിരെയും ഹിന്ദുത്വത്തിനെതിരെയും സന്ധിയില്ല സമരം നടത്തി ഹിന്ദുമതം ഉപേക്ഷിച്ച് അവസാനം ബുദ്ധമതം സ്വീകരിക്കുകയും ചെയ്ത ബി.ആര്‍ അംബേദ്കറുടെയുംവരെ ചിത്രങ്ങള്‍ ബാലഗോകുലം മുതലുള്ള സംഘ്പരിവാര്‍ സംഘടനകളുടെ പോസ്റ്റര്‍ പ്രചാരണത്തില്‍ ഉപയോഗിക്കുമ്പോള്‍ ഇതിലൊന്നും ഇടംപിടിക്കാതെ നെഹ്‌റു ബഹിഷ്‌കൃതനാവുന്നതിന്റെ രസതന്ത്രം കുറേക്കൂടി വിശാലമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഇന്നു കാണുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറ കെട്ടിപ്പടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. 1931ലെ കറാച്ചി കോണ്‍ഗ്രസ് സമ്മേളനത്തില്‍ നെഹ്‌റു തയ്യാറാക്കി അവതരിപ്പിച്ച 14 ഇന മൗലികാവകാശങ്ങളെയും കടമകളെയും സംബന്ധിച്ച് പ്രമേയമാണ് 19 വര്‍ഷത്തിനിപ്പുറം 1950 ല്‍ നാം ഒരു ഭരണഘടന സ്വീകരിച്ചപ്പോള്‍ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്. ഇന്ന് ഈ രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഭരണഘടനാതത്വം മൗലികാവകാശങ്ങളെ സംബന്ധിച്ചാണെന്നത് നെഹ്‌റുവിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തി വെക്കുകകൂടി ചെയ്യുന്നു.
മറ്റേതൊരു ആഫ്രോ ഏഷ്യന്‍ രാജ്യത്തേയും പോലെ പട്ടാള ഘടനയില്‍ ഏറെയൊന്നും വ്യത്യാസമില്ലാതിരുന്ന ഇന്ത്യയില്‍ നാളിന്നുവരെ ഒരു പട്ടാള അട്ടിമറി നടക്കാതിരുന്നതിനു നന്ദി പറയേണ്ടതും നെഹ്‌റുവിന്റെ ദീര്‍ഘദര്‍ശിത്വത്തിന് തന്നെയാണ്. 1946 ല്‍ സ്വതന്ത്ര പൂര്‍വ മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്ന നെഹ്‌റു തന്റെ ഭാവനയിലെ പട്ടാളത്തെ സംബന്ധിച്ച് അന്നത്തെ പ്രതിരോധ സെക്രട്ടറിക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ രാജ്യത്തെ പട്ടാളം എങ്ങിനെ വേണമെന്നതിനെ സംബന്ധിച്ച ഒരു ബ്ലൂ പ്രിന്റ് ആയിരുന്നു ആ കത്ത്. ഇന്നിപ്പോള്‍ മോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാജ്യത്തിന് ഒരു കമാന്‍ഡര്‍ ഇന്‍ ചീഫ് ഉണ്ടാകേണ്ടതിനെ കുറിച്ച് വാചാലനാകുമ്പോള്‍ ഏഴ് പതിറ്റാണ്ടു മുമ്പ് നെഹ്‌റു ഉപേക്ഷിച്ചത് തിരികെകൊണ്ടുവരുന്നതിനുള്ള ശ്രമമാണെന്നുകൂടി നമ്മളറിയണം. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ റോയി ബുച്ചര്‍ ആയിരുന്നു കമാന്‍ഡര്‍ ഇന്‍ ചീഫ്. പിന്നീട് ഇന്ത്യക്കാരനായ ആദ്യത്തേയും അവസാനത്തേയും കമാന്‍ഡര്‍ ഇന്‍ചീഫായി ജനറല്‍ കരിയപ്പ അധികാരമേറ്റു. പ്രതിരോധ സെക്രട്ടറിക്ക് മുകളിലായിരുന്ന കമാന്‍ഡര്‍ ഇന്‍ ചീഫിന് കാബിനറ്റ് പദവിയും ഉണ്ടായിരുന്നു. പക്ഷേ നെഹ്‌റു ചെയ്ത ആദ്യ നടപടികളില്‍ ഒന്ന് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഈ പദവി എടുത്ത്കളഞ്ഞ് നേവിയുടെയും വായുസേനയുടെയും മേധാവികള്‍ക്കൊപ്പമുള്ള ഒരു മേധാവിയായി കരസേനാ മേധാവിയെയും മാറ്റി എന്നതായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിലെ 60 ശതമാനം സൈനികരും പഞ്ചാബ് പൂഞ്ച് മേഖലകളില്‍നിന്നും ഗൂര്‍ഖ, രാജ്പുത് തുടങ്ങിയ റെജിമെന്റുകളില്‍നിന്നും ആയിരുന്നുവെങ്കില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ രാജ്യ വ്യാപകമായി റിക്രൂട്ട്‌മെന്റുകള്‍ സംഘടിപ്പിക്കപ്പട്ടു. തലസ്ഥാനമായ ഡല്‍ഹിയുടെ നിയന്ത്രണം പട്ടാളത്തില്‍നിന്ന് എടുത്തുമാറ്റി അര്‍ധസൈനിക വിഭാഗങ്ങളായ സി.ആര്‍.പി.എഫിനെയും ബി.എസ്.എഫിനെയും ഏല്‍പ്പിച്ചതും നെഹ്‌റുവിന്റെ താത്പര്യപ്രകാരമായിരുന്നു. വിരമിക്കുന്ന സൈനിക തലവന്മാരെ ഡല്‍ഹിയില്‍ താമസിപ്പിക്കാതെ വിദേശ രാജ്യങ്ങളില്‍ ഹൈകമ്മീഷണര്‍മാരും അംബാസിഡര്‍മാരുമായി ‘നാടുകടത്തിയതും’ബോധപൂര്‍വമുള്ള തീരുമാനങ്ങള്‍ തന്നെയായിരുന്നു. ഇന്ത്യയുടെ സൈനിക ചരിത്രത്തില്‍ മൂന്നു സേനവിഭാഗങ്ങളുടെയും മേധാവികള്‍ മിക്കപ്പോഴും മൈനോറിറ്റി ഗ്രൂപ്പുകളില്‍നിന്നു മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചാബില്‍നിന്ന് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സൈനിക ചരിത്രത്തില്‍ രണ്ടു കരസേനാ മേധാവികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. 2005 ല്‍ ജെ.ജെ സിങും 2012 ല്‍ ജനറല്‍ ബിക്രംസിങും. ഇന്ത്യയില്‍ പട്ടാളഭരണം ഉണ്ടായിട്ടില്ല എന്നത് യാദൃച്ഛികതയല്ലെന്നും അതിന് കടപ്പെട്ടിരിക്കുന്നത് ആദ്യ പ്രധാനമന്ത്രി നടപ്പിലാക്കിയ നയപരിപാടികളായിരുന്നെന്നും തിരിച്ചറിയാന്‍ നമുക്കാവണം.
സോഷ്യലിസ്റ്റായിരുന്നപ്പോഴും റാഡിക്കല്‍ മുന്നേറ്റങ്ങളിലൂടെ സാഹസങ്ങള്‍ക്ക് നെഹ്‌റു ഒരിക്കലും മുതിര്‍ന്നില്ല. സുഭാഷ് ചന്ദ്രബോസിനേയും ഭഗത്‌സിങിനേയുംപോലെ മിലിറ്റന്‍സിയുടെ പോസ്റ്റര്‍ബോയിയുമായിരുന്നില്ല നെഹ്‌റു. ആര്‍.എസ്. എസ് ആസ്ഥാനം ഗാന്ധി സന്ദര്‍ശിച്ചപ്പോഴും നെഹ്‌റു വഴിതെറ്റിപ്പോലും അവിടെയെത്തിയില്ല. ആത്മീയതയെ രാഷ്ട്രീയത്തോടൊപ്പം കൈപിടിച്ച് ഗാന്ധി നടന്നപ്പോഴും ഇവ തമ്മില്‍ കൂടിക്കലരാന്‍ നെഹ്‌റു ഒരിക്കലും സമ്മധിച്ചതേയില്ല. പക്ഷെ അപ്പോഴും ഇന്ത്യന്‍ ജീവിതത്തില്‍ ആത്മീയതക്കുള്ള സ്ഥാനം തിരിച്ചറിയാന്‍ നെഹ്‌റുവിന് ഉള്‍ക്കാഴ്ചയുണ്ടായിരുന്നുതാനും. ഉത്തരേന്ത്യയിലെ പശു രാഷ്ട്രീയം ഒരിക്കലും നെഹ്‌റുവിനെ പ്രലോഭിപ്പിച്ചതേയില്ല. കശ്മീര്‍ വിഷയത്തില്‍ ഹാരിസിങ് രാജാവിനേക്കാളും ചെവി നല്‍കേണ്ടത് ഷേഖ് അബ്ദുള്ളക്കാണെന്ന ഉന്നത ജനാധിപത്യബോധം നെഹ്‌റുവിനുണ്ടായിരുന്നു. ഹിന്ദുവല്ലാതിരുന്ന അംബേദ്ക്കറും മതവിശ്വാസിയല്ലാതിരുന്ന നെഹ്‌റുവും ചേര്‍ന്നാണ് ഇന്ത്യയിലെ കോടാനുകോടി ഹിന്ദുക്കള്‍ക്ക് നീതി ലഭ്യമാക്കിയ ഹിന്ദു കോഡ് ബില്ല് കൊണ്ടുവന്നതെന്ന ചരിത്രസത്യം നെഹ്‌റുവിനെ ഹിന്ദുവിരുദ്ധനാക്കാന്‍ മത്സരിക്കുന്നവര്‍ ബോധപൂര്‍വം മറച്ചുവെക്കുന്നു. തന്റെ പുസ്തകത്തിന്റെ റോയല്‍റ്റി മകള്‍ ഇന്ദിരക്ക് ലഭിക്കാനാണ് ഹിന്ദു കോഡ് എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ നെഹ്‌റുവിന്റെ പൂര്‍വ പിതാക്കള്‍ കശ്മീര്‍ മുസ്‌ലിമാണെന്നും ഇന്ദിരാഗാന്ധിയുടെ യഥാര്‍ത്ഥ പേര് മൈമൂന ബീഗമാണെന്നും രാഹുല്‍ ഗാന്ധി റൗള്‍ വിന്‌സിയാണെന്നും അതുവഴി നെഹ്‌റു കുടുംബം ഹിന്ദു വിരുദ്ധരാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ മുന്നിലുണ്ട്. മതത്തിനപ്പുറം മാനവികതയെ കണ്ട നെഹ്‌റുവിനെ ഇകഴ്ത്തികെട്ടാന്‍ ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്തോറും നെഹ്‌റുവിനെ ആഴത്തില്‍ പഠിക്കാന്‍ ഓരോ ചരിത്ര വിദ്യാര്‍ത്ഥിക്കും അസുലഭ അവസരം സൃഷ്ടിക്കുന്നതിന് അവരോട് നന്ദി പറഞ്ഞേ മതിയാകൂ.
നെഹ്‌റുവിന്റെ ഓര്‍മ്മകള്‍ പേറുന്ന എന്തിനെയും നശിപ്പിക്കാന്‍ ആര്‍.എസ്.എസ് എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആര്‍.എസ്.എസിന്റെ മുദ്രാവാക്യം വലിയ ഒരളവുവരെ ‘നെഹ്‌റു മുക്ത ഭാരതമാണ്’. അതിനാല്‍ ഒരു ട്വീറ്റിനപ്പുറം ശിശുദിനത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍പോലും ആര്‍.എസ്.എസുകാരനായ നരേന്ദ്ര മോദിക്ക് സാധിക്കില്ല. അതുകൊണ്ട്തന്നെ ഫാസിസത്തെ പ്രതിരോധിക്കാന്‍ മനസ്സുകൊണ്ടാഗ്രഹിക്കുന്ന ഓരോ പോരാളിക്കും നെഹ്‌റു ജന്മദിനം പകരുന്ന ഊര്‍ജ്ജം വളരെ വലുതാണ്.

SHARE