സി.എ.എക്കെതിരെ കുട്ടികള്‍ നാടകം അവതരിപ്പിച്ചു, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി പൊലീസ്; കുട്ടികളെയും ചോദ്യം ചെയ്തു

ബംഗളൂരു: പൗരത്വനിയമ ഭേദഗതിക്കെതിരായി വിദ്യാര്‍ഥികള്‍ നാടകം കളിച്ചതിന് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ പൊലീസ് കേസ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലാണ് സംഭവം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സി.എ.എക്കെതിരെ നാടകം കളിച്ചതിനാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹ കേസെടുത്തത്. നാടകം അവതരിപ്പിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് യെദ്യൂരപ്പ പൊലീസിന്റെ നടപടി.

നാടകത്തിന്റെ വിഡിയോ സാമൂഹിക മാധ്യമത്തില്‍ അപ്‌ലോഡ് ചെയ്തതിനാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. പൊതുപ്രവര്‍ത്തകനായ നിലേഷ് രക്ശ്യാല്‍ നല്‍കിയ പരാതി പ്രകാരം കര്‍ണാടക ബിദറിലെ ഷഹീന്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെയാണ് കേസെടുത്തത്. 124 എ (രാജ്യദ്രോഹം), 504 (സമാധാനാന്തരീക്ഷം തകര്‍ക്കല്‍), 505 (02) (ശത്രുത പരത്തുന്ന പ്രസ്താവന നല്‍കല്‍), 153 എ (വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

നാടകത്തില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയെ കളിയാക്കിയെന്നും സിഎഎയും എന്‍ആര്‍സിയും നടപ്പായാല്‍ ഒരു സമുദായം രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരുമെന്ന് സന്ദേശം നല്‍കിയെന്നുമാണ് പരാതിയിലെ ആരോപണം. ബിദര്‍ സ്വദേശിയായ മുഹമ്മദ് യൂസുഫ് റഹിം എന്നയാളുടെ സോഷ്യല്‍ മീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ സര്‍ക്കാരിന്റെ നയങ്ങളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു.