വീണ്ടും പെണ്‍കുട്ടികള്‍ ഇര: യു.പിയിലും ഛത്തീസ്ഗഡിലും ബലാത്സംഗ കൊലപാതകം

ആഗ്ര: ഉത്തര്‍ പ്രദേശിലും ചത്തീസ്ഗഡിലും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യു.പിയിലെ എറ്റാവ ജില്ലയിലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഒമ്പതു വയസുകാരിയെ പാചകക്കാരനാണ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

പ്രതിയായ 25കാരന്‍ പിന്റു കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോസ്‌കോ വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. എറ്റാവയിലെ ആലിഗഞ്ചിനു സമീപം കേല്‍ത്ത ഗ്രാമത്തില്‍ വിവാഹ ചടങ്ങിനെത്തിയ കുട്ടിയെ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കാണാതായത്.
കുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയായി കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവാഹത്തിന് പാചകക്കാരനായി എത്തിയ പ്രതി കുട്ടിയോട് വെള്ളം ചോദിക്കുന്നത് കണ്ടുവെന്ന ചിലരുടെ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കത്വ, ഉന്നാവോ ബലാത്സംഗ കേസുകള്‍ രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് കുട്ടികള്‍ക്കെതിരായ കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ചത്തീസ്ഗഡിലെ ബഗാരയിലാണ് സമാനമായ രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ വരന്റെ സുഹൃത്താണ് പത്തുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ഉത്തം സാഹു (25)വിനെ പൊലീസ് അറസ്റ്റു ചെയ്തു. ബലാത്സംഗത്തിന് ശേഷം കല്ലുപയോഗിച്ച് പെണ്‍കുട്ടിയുടെ തലക്കടിച്ചാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാനയില്‍ വലിച്ചെറിയുകയായിരുന്നു.