ജയിലിലുള്ള മാതാവിനെ കാണാന്‍ കരഞ്ഞു തളര്‍ന്ന് കുഞ്ഞ്; അര്‍ദ്ധരാത്രിയില്‍ കോടതി തുറന്ന് കനിവ്

ഭോപ്പാല്‍: ജയിലിലുള്ള അമ്മയെ കാണണമെന്നാവശ്യപ്പെട്ട് നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനു മുന്നില്‍ കനിവുമായി കോടതി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. ജറൗണ്‍ അലി എന്ന കുഞ്ഞാണ് മാതാവിനെ കാണാന്‍ രാത്രി നിര്‍ത്താതെ കരഞ്ഞത്. ദേശീയ വാര്‍ത്താ ഏജന്‍സി മാധ്യമപ്രവര്‍ത്തകന്റെ കണ്ണില്‍ പെടുകയായിരുന്നു കുഞ്ഞ്.

ജറൗണ്‍ ജില്ലാ കോടതിക്ക് പുറത്ത് അമ്മാവനൊപ്പം മാതാവിനെ കാണാനായി കരഞ്ഞെത്തുകയായിരുന്നു. തന്റെ ജ്യേഷ്ഠന്‍ ഷഹ്ബാസ് അലി, സഹോദരന്റെ ഭാര്യ അഫ്രീന്‍, മാതാവ് നഗ്മ എന്നിവരെ ക്രിമിനല്‍ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതാണ്. സാഗര്‍ സെന്‍ട്രല്‍ ജയിലിലാണ് അവര്‍ കഴിയുന്നത്. ഇവര്‍ക്ക് ജാമ്യം ആവശ്യപ്പെട്ട് റഹ്മാന്‍ അലി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സമയമാണ് തന്റെ മാതാവിനെ കാണുവാന്‍ കുട്ടി കരഞ്ഞ് എത്തിയത്.

കുഞ്ഞിന് തന്റെ മാതാവിനെ കാണിക്കാന്‍ അവസരം നല്‍കണമെന്ന് റഹ്മാന്‍ പറഞ്ഞപ്പോള്‍ ജയിലര്‍ ഇക്കാര്യം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചു. എന്നാല്‍ ജയില്‍ സൂപ്രണ്ട് ആദ്യം കൂടിക്കാഴ്ചയ്ക്ക് സമ്മതം നല്‍കിയില്ല. ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നാണ് സൂപ്രണ്ട് പറഞ്ഞത്. റഹ്മാനോട് കുട്ടിയെ കൂട്ടി രാവിലെ വരാന്‍ ആവശ്യപ്പെട്ടു. ഈ സമയമൊക്കെയും കുട്ടി കരയുകയായിരുന്നു. അതുകൊണ്ട് തന്നെ റഹ്മാന്‍ അവിടെ നിന്നും പോകാന്‍ തയ്യാറായില്ല. അവസ്ഥ മനസ്സിലാക്കിയ സൂപ്രണ്ട് പ്രത്യേക ജഡ്ജിയോട് കാര്യം വ്യക്തമാക്കി. ഇദ്ദേഹം കുട്ടിയുടെ മാതാവില്‍ നിന്നും ഒരു അപേക്ഷ എഴുതി വാങ്ങാന്‍ ആവശ്യപ്പെട്ടു. ജഡ്ജിയും കോടതിയില്‍ എത്തി.

അപ്പോഴേക്കും സമയം രാത്രി 8.30 ആയിരുന്നു. ജയിലില്‍ മാതാവ് എഴുതിയ കത്ത് ജഡ്ജിക്ക് മുന്‍പില്‍ സമര്‍പ്പിച്ചു. അവസാവനം കുട്ടിക്ക് മാതാവിനെ കാണാനുള്ള അനുവാദം നല്‍കി. അനുവാദം ലഭിച്ചപ്പാടെ തന്റെ മാതാവിനെ കാണാന്‍ കുഞ്ഞ് ഓടിയെത്തുകയായിരുന്നു. മാതാവിനെ കണ്ടതോടെ കുഞ്ഞ്് കരച്ചിലും നിര്‍ത്തുകയായിരുന്നു. ‘തന്റെ ഔദ്യോഗിക ജീവിതത്തില്‍, രാത്രിയില്‍ കോടതി തുറക്കാനായി അപേക്ഷ നല്‍കുന്ന ആദ്യ സംഭവമാണിതെന്ന് ജയില്‍ സൂപ്രണ്ട് സന്തോഷ് സിങ് സോളങ്കി പറഞ്ഞു.

SHARE