ഖത്തറില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നഴ്‌സറികളും ശിശുപരിചരണ കേന്ദ്രങ്ങളും തുറക്കും

ദോഹ: കര്‍ശനമായ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട് ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തെ നഴ്‌സറികള്‍ക്കും ശിശുപരിചരണ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങും. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

കോവിഡ് വ്യാപനം ചെറുക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീ്ക്കുന്നതിന്റെ മൂന്നാംഘട്ടം ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ഇതിന്റെ ഭാഗമായിക്കൂടിയാണ് നഴ്‌സറികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത്. നഴ്‌സറി സ്‌കൂള്‍ ഉടമകള്‍, മാനേജ്‌മെന്റ്, ജീവനക്കാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങി എല്ലാവരുടേയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും. ഇതിനായി വിപുലമായ മാര്‍ഗനിര്‍ദേശങ്ങളാണ് തയാറാക്കിയിരിക്കുന്നത്. നഴ്‌സറിയില്‍ ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ സൗകര്യങ്ങളുമുണ്ടായിരിക്കണം. ഇക്കാര്യം വ്യക്തമാക്കുന്ന നഴ്‌സറി ലൈസന്‍സ് ഉടമയുടെ ഒപ്പ് സഹിതമുള്ള ഔദ്യോഗിക കത്ത് മന്ത്രാലയത്തിന് നല്‍കിയിരിക്കണം. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് രേഖാമൂലമുള്ള പ്രവര്‍ത്തനാനുമതി ലഭിച്ച ശേഷമേ നഴ്‌സറി തുറക്കാന്‍ പാടൂളളൂ. ഇക്കാര്യവും കത്തില്‍ വ്യക്തമാക്കണം. ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ ഹെല്‍ത്ത് ഫെസിലിറ്റി ലൈസന്‍സ് ഉള്ളവര്‍ക്കേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. ഇഹ്തിറാസില്‍ പ്രൊഫൈല്‍ നിറം പച്ചയാണെങ്കില്‍ മാത്രമെ ജീവനക്കാര്‍ക്ക് പ്രവേശനമുള്ളു. കുട്ടിയെ നഴ്‌സറിയിലേക്ക് കൊണ്ടുവരികയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്നവരുടെ ഇഹ്തിറാസ് പ്രൊഫൈല്‍ നിറവും പച്ചയായിരിക്കണം. രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ ബാങ്കിങിലൂടെയോ കാര്‍ഡ് മുഖേനയോ ഫീസ് അടയ്ക്കുന്നതാണ് ഉചിതം. തുക നേരിട്ടാണ് നല്‍കുന്നതെങ്കില്‍ കവറിലാക്കിയായിരിക്കണം നല്‍കേണ്ടത്.

നഴ്‌സറി അധികൃതര്‍ പ്രധാന കവാടത്തില്‍ വെച്ച് മാത്രമേ പണം വാങ്ങാവൂ. എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തണം. പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാവൂ. വിട്ടുമാറാത്ത രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ജോലിക്ക് അനുമതി നല്‍കരുത്. ഏതെങ്കിലും തരത്തില്‍ അണുബാധയുണ്ടായാല്‍ 14 ദിവസത്തേക്ക് നഴ്‌സറി അടക്കുകയും പൂര്‍ണമായും അണുവിമുക്തമാക്കുകയും വേണം. രോഗബാധിതര്‍ വീണ്ടും ജോലിക്ക് എത്തുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി പരിശോധനക്ക് വിധേയമാകണം.

ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍, ലൈസന്‍സ് പുതുക്കാത്തവര്‍ എന്നിവര്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. നഴ്സറിയിലെ എല്ലാ ജീവനക്കാരും മാസ്‌കും കയ്യുറകളും ധരിച്ചിരിക്കണം. ഹസ്തദാനം പാടില്ല. ശാരിരിക അകലം കര്‍ശനമായി പാലിക്കണം. കണ്ണ്, മൂക്ക്, വായ എന്നിവയില്‍ സ്പര്‍ശിക്കാന്‍ പാടില്ല. കുട്ടികളുടെ ശരീര താപനില പരിശോധിക്കണം. പ്രധാന പ്രവേശന കവാടത്തിലും ഓരോ നഴ്സറി മുറികളിലും കുട്ടികള്‍ക്ക് കയ്യെത്താത്ത വിധത്തില്‍ ഹാന്‍ഡ് സാനിട്ടൈസറുകള്‍ ലഭ്യമാക്കണം. നഴ്സറിയിലെ എല്ലാ ജീവനക്കാരും കുട്ടികളും ഷൂസും ചെരിപ്പും നഴ്സറിക്ക് പുറത്ത് വെയ്ക്കണം. നഴ്സറിക്കുള്ളില്‍ നടക്കാന്‍ വൃത്തിയുള്ള ഷൂ ധരിക്കണം.

കുട്ടികളുടെ ശരീര താപനില 37.8 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ പ്രവേശനം അനുവദിക്കില്ല. ചുമ, ഛര്‍ദ്ദി, മൂക്കൊലിപ്പ്, ശ്വാസ തടസം എന്നിവയുണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ല. കുട്ടിയോ രക്ഷിതാക്കളോ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ കുട്ടിയെ നഴ്സറിയിലേക്ക് കൊണ്ടുവരില്ലെന്ന് രക്ഷിതാക്കള്‍ രേഖാമൂലം എഴുതി ഒപ്പിട്ട് നല്‍കണം.

SHARE