കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് നടിയും മോഡലുമായ നിവേദ പെതുരാജ്

ചെന്നൈ: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് തമിഴ് നടിയും മോഡലുമായ നിവേദ പെതുരാജ്. ഫേസ്ബുക്കിലാണ് താന്‍ കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടി പറഞ്ഞത്. ‘മീ ടു’ ക്യാംപെയ്‌നിലൂടെ ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന നടിമാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് താനും ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നിവേദ പ്രത്യക്ഷപ്പെട്ടത്.

ശിശുപീഡനം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ നാട് ഇന്ന് നേരിടുന്നുണ്ട്. ഞാനുള്‍പ്പെടെ നിരവധി സ്ത്രീകള്‍ ശിശു ലൈംഗിക പീഡനത്തിന്റെ ഇരകളാണെന്ന് നിവേദ പറഞ്ഞു. അഞ്ചാമത്തെ വയസ്സിലാണ് തനിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. എന്താണെന്ന് പോലും അന്നെനിക്ക് അറിയില്ല. പിന്നെ ഞാനെങ്ങനെ ഇത് രക്ഷിതാക്കളോട് പറയും? നടി ചോദിക്കുന്നു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് വീടുകളില്‍ നിന്നാണ്. കുട്ടികളോട് രക്ഷിതാക്കള്‍ ഓരോ കാര്യങ്ങളും പറഞ്ഞുകൊടുക്കണം. തങ്ങളെ ഏതൊരാള്‍ സ്പര്‍ശിക്കുകയാണെങ്കിലും അതിന്റെ ഉദ്ദേശം മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നും നടി പറഞ്ഞു.

അപരിചിതരില്‍ നിന്നല്ല, അടുപ്പക്കാരില്‍ നിന്നാണ് കുട്ടികള്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമുള്‍പ്പെടെ നമുക്ക് പരിചയമുള്ളവര്‍ തന്നെയാണ് ഈ കുറ്റകൃത്യങ്ങള്‍ നടത്തുന്നതെന്നും നടി പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ രക്ഷിതാക്കള്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. കുറച്ചു ബുദ്ധിമുട്ടാണെങ്കിലും ഇത്തരം കാര്യങ്ങള്‍ കുട്ടികളുമായി സംസാരിക്കണമെന്നും രണ്ടു വയസ്സുമുതല്‍ തന്നെ അത് തുടങ്ങണമെന്നും നടി കൂട്ടിച്ചേര്‍ത്തു.