റിയാദില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

ദോഹ: സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. ഖത്തരി സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ പൈലറ്റ് ഗാനിം ബിന്‍ ഷഹീന്‍ അല്‍ഗാനിമാണ് പങ്കെടുത്തത്. സഊദി അറേബ്യ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഫസ്റ്റ് ലെഫ്റ്റനന്റ് ജനറല്‍ ഫയ്യാദ് ബിന്‍ ഹമദ് അല്‍റുവൈലി, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ജോസഫ് വോട്ടെല്‍ എന്നിവരുടെ സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം. ജിസിസി രാജ്യങ്ങളിലെയും ജോര്‍ദ്ദാനിലെയും ഈജിപ്തിലെയും ചീഫ് ഓഫ് സ്റ്റാഫുമാര്‍ യോഗത്തില്‍ പങ്കെടുത്തു. യുഎസ് പ്രതിരോധ കര്‍മപദ്ധതി 2018 യോഗത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്തു. സുരക്ഷാസംബന്ധിയായ വിവിധ വിഷയങ്ങളും മേഖലയിലെ കാര്യങ്ങളും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടവും ചര്‍ച്ചയായി. ഖത്തരി സായുധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചീഫ് ഓഫ് സ്റ്റാഫിനെ അനുഗമിച്ചിരുന്നു. നേരത്തെ സഊദി അറേബ്യയില്‍ നടന്ന സംയുക്ത സൈനികാഭ്യാസത്തിലും ഖത്തര്‍ സായുധ സേന പങ്കെടുത്തിരുന്നു. ‘ജോയന്റ് ഗള്‍ഫ് ഷീല്‍ഡ് 1’ എന്ന പേരില്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 16വരെയായിരുന്നു സംയുക്ത സൈനികാഭ്യാസം നടന്നത്. സഊദിയുടെ കിഴക്കന്‍ മേഖലയില്‍ ജുബൈല്‍ മേഖലയുടെ വടക്ക് റാസ് അല്‍ ഖൈറിലായിരുന്നു സംയുക്ത അഭ്യാസപ്രകടനം അരങ്ങേറിയത്.

SHARE