മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമാകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഫേസ്ബുക്കും സോഷ്യല്‍ മീഡിയയും കൈകാര്യം ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമാകുന്നു. സി ഡിറ്റ് വഴി കരാര്‍ നിയമനം നടത്തിയ സി.പി.എമ്മുകാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് വിവാദമാകുന്നത്. മുന്‍ എം.പി ടി.എന്‍ സീമയുടെ ഭര്‍ത്താവും സി ഡിറ്റ് മുന്‍ ഡയരക്ടറുമായ ജി. ജയരാജിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന സ്‌പെഷ്യല്‍ റൂള്‍ വഴി നാല്‍പതിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സ്ഥിരം നിയമനം നടത്താനാണ് പദ്ധതിയെന്ന ആരോപണം ഉന്നയിക്കുന്നത് സി ഡിറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെയാണ്. സര്‍ക്കാരിന്റെ സി.എം.ഒ, ദുരിതാശ്വാസ നിധി, നാം മുന്നോട്ട് തുടങ്ങിയ പദ്ധതികളുടെയെല്ലാം പ്രചാരണം ഇപ്പോള്‍ പുറം കരാര്‍ വ്യവസ്ഥയിലാണ്.

സി ഡിറ്റ് വന്‍ നഷ്ടത്തില്‍ ഓടുമ്പോഴാണ് ഈ പിന്‍വാതില്‍ നിയമനത്തിന് നീക്കം നടക്കുന്നത്. ശമ്പളം നല്‍കാന്‍ രണ്ടു കോടിയുടെ ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ട അവസ്ഥയിലാണ്. 15 വര്‍ഷത്തിലേറെയായി കരാര്‍ ജോലി ചെയ്യുന്നവരെ പരിഗണിക്കാതെയാണ് സി.പി.എമ്മുകാരെ സ്ഥിരപ്പെടുത്തുന്നത് എന്നും ജീവനക്കാര്‍ പറയുന്നു. സ്‌പെഷ്യല്‍ റൂള്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സി ഡിറ്റിലെ ഒരു സംഘടനയുമായും ചര്‍ച്ച ചെയ്തിട്ടില്ല. കടുത്ത സി.പി.എം അനുഭാവികളെ ഉയര്‍ന്ന ശമ്പളത്തില്‍ സ്ഥിര നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.

SHARE