തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആര് വര്‍ക്കിനായി ഖജനാവ് ഉപയോഗിച്ചു നടത്തുന്നത് വന്‍കൊള്ള. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പേജിന്റെ പരിപാലനത്തിനു മാത്രം അമ്പതിനായിരം രൂപ ശമ്പളത്തില്‍ ഒമ്പതുപേരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ വാഹനം, യാത്രാ ചെലവ് എന്നീ ഇനങ്ങളില്‍ വേറെയും ചെലവഴിക്കുന്നു. ഇതിനെല്ലാം പുറമെ ഫെയ്സ്ബുക് പേജിലൂടെ ലൈവ് കൊടുക്കാന്‍ വേണ്ടി വേറെയും തുക എഴുതി വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസത്തെ ലൈവിന്റെ മാത്രം ചെലവ് 1,83,333 രൂപയാണത്രെ.
2019 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കുപ്രകാരം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജും സോഷ്യല്‍ മീഡിയയും പരിപാലിക്കാന്‍ ചെലവിട്ട തുക 28,37,565 രൂപയാണ്. അതായത് നാലുമാസത്തെ തുക. സി ഡിറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഈ തുക പി.ആര് ഡിപ്പാര്‍ട്മെന്റ് നല്‍കിക്കഴിഞ്ഞു. അതിനു ശേഷമുള്ള ബില്ലുകള്‍ വരാനിരിക്കുന്നതേയുള്ളൂ.
രണ്ടു പ്രളയങ്ങള്‍, നിപ, പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് എന്നിങ്ങനെ സംസ്ഥാനം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയും സാമ്പത്തിക ഞെരുക്കത്തിലൂടെയും നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഈ വിധം ഖജനാവ് കൊള്ളയടിക്കുന്നത്. ജനോപകാരപ്രദമായ പല പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഫണ്ട് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇമേജ് നിര്‍മിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുകയാണ്.