നാടകീയ രംഗങ്ങള്‍; ഒടുവില്‍ ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിയുടെ രാജി സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിനു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം. എന്‍.സി.പി സംസ്ഥാന ഘടകം മന്ത്രിയുടെ രാജി കാര്യത്തില്‍ തീരുമാനമെടുക്കാനായി സാവകാശം വേണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം ഉടന്‍ തന്നെ തീരുമാനമറിയിക്കുമെന്ന് എന്‍സിപി ഉറപ്പ് നല്‍കിയതായും പിണറായി വിജയന്‍ പറഞ്ഞു.
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ ബഹിഷ്‌കരിച്ച സംഭവവും മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് തീര്‍ത്തും അസാധാരണമായ സംഭവമാണെന്ന് അദ്ദേഹം പ്രതികരിച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് സിപിഐ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സിപിഐയുടെ ഭാഗത്തു നിന്നുണ്ടായത്. നടപടി ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗത്തില്‍ തോമസ്ചാണ്ടി രാജിസന്നദ്ധ അറിയിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.