തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന് പിന്നാലെ, കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരില്‍ അതിശയകരമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
‘നാടിന് അവിചാരിതമായാണ് ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നത്. ഈ വിമാനത്തില്‍ 190 പേരാണ് ഉണ്ടായിരുന്നത്. 184 യാത്രക്കാരും ആറ് ക്രൂവും. അപകടത്തെ കുറിച്ച് ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 18 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. അതില്‍ 14 മുതിര്‍ന്നവരും നാലു കുട്ടികളുമാണ്. ഏഴു വീതം സ്ത്രീകളും പുരുഷന്മാരുമാണ് മരിച്ചവര്‍. പൈലറ്റും കോ പൈലറ്റും മരിച്ചു. ആശുപത്രിയില്‍ ഇപ്പോള്‍ 149 പേര് ചികിത്സയിലുള്ളത്. 23 പേര് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 23 പേര് ഗുരുതരാവസ്ഥയില്‍ കഴിയുന്നു. മരണപ്പെട്ടവരെ എല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടു പേര് കോഴിക്കോട് ജില്ലക്കാരും ആറു പേര് മലപ്പുറം ജില്ലക്കാരാണ. രണ്ടു പേര് പാലക്കാട് ജില്ലക്കാരും’ – മുഖ്യമന്ത്രി വ്യക്തമാക്കി.
‘ പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹം എയര്‍ ഇന്ത്യ കൊണ്ടു പോകും. 16 ആശുപത്രികളായാണ് ആളുകള്‍ ചികിത്സയിലുള്ളത്. ഇതില്‍ തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമുണ്ട്. വിവരങ്ങള്‍ അറിയുന്നതിനായി പാസഞ്ചര്‍ വെല്‍ഫയര്‍ കണ്ട്രോള് റൂം ഒരുക്കിയിട്ടുണ്ട്. 04952376901 ആണ് നമ്പര്‍’
മരണപ്പെട്ടവരില്‍ ഒരാളെ പോസിറ്റീവ് ആയി കണ്ടിട്ടുണ്ട്. വിലപ്പെട്ട 18 ജീവനാണ് നഷ്ടമായത്. അത് വലിയ ഞെട്ടലാണ്. സാധാരണ ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കാത്ത ഒരുകാര്യം ഉണ്ടായതിന്റെ ആശ്വാസം നമുക്കുണ്ട്. അത് ഇത്തരം അപകടങ്ങളില്‍ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകാറുണ്ട്. അതിലേക്കെത്തിയില്ല. അത് ആശ്വാസകരമാണ്. ആളുകളെ രക്ഷപ്പെടുത്തുന്നതില്‍ അതിശയകരമായ രീതിയില്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇത്തരം കാര്യങ്ങളില്‍ എപ്പോഴും വല്ലാതെ ആരെയും ആശ്ചര്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തന മികവ് കാണിക്കുന്നതാണ് നമ്മുടെ സമൂഹം പൊതുവിലും. അതില്‍ ഔദ്യോഗിക ജീവനക്കാരും സാധാരണ നാട്ടുകാരുമെല്ലാം വലിയ മികവോടെയാണ് പങ്കെടുത്തത്. ഇത്ര വേഗതയില്‍ രക്ഷാപ്രവര്‍ത്തനം നടന്നത് അപൂര്‍വ്വമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതില്‍ നാട്ടുകാരും ഔദ്യോഗിക സംവിധാനങ്ങളും എല്ലാം വലിയ പങ്കാണ് വഹിച്ചത്. എല്ലാവരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു’ – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.