ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ചര്‍ച്ചകള്‍ രാജ്യത്ത് കൊടുമ്പിരി കൊള്ളുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ വേദിയിലിരുത്തി കനേഡിയന്‍ മുന്‍ ഫെഡറല്‍ മന്ത്രി ഉജ്ജല്‍ ദൊസാഞ്ചിന്റെ ഫാസിസ്റ്റ് വിരുദ്ധ പഠനക്ലാസ്.
‘ആദ്യം അവര്‍ വന്നു….’, എന്ന് തുടങ്ങുന്ന മാര്‍ട്ടിന്‍ നീമുള്ളറുടെ പ്രശസ്ത ഫാസിസ്റ്റ് വിരുദ്ധ കവിത ചൊല്ലിയായിരുന്നു കനേഡിയന്‍ നേതാവിന്റെ ക്ലാസ്.
സിഖ് മത സ്ഥാപകന്‍ ഗുരു നാനാക്കിന്റെ 550-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പഞ്ചാബ് ആന്റ് ഹരിയാനാ ബാര്‍ കൗണ്‍സില്‍ ചണ്ഡീഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഉജ്ജല്‍ ദൊസാഞ്ച് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലെ അധിപന് മുന്‍നിര്‍ത്തി പ്രസംഗിച്ചത്.

രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന തടങ്കല്‍ പാളയങ്ങളുടെ പശ്ചാത്തലത്തില്‍ ഗുരുനാനാക്കിന്റെ അധ്യാപനങ്ങളെക്കുറിച്ച് പറഞ്ഞാണ് ദൊസാഞ്ച് സംസാരം തുടങ്ങിയത്.
ഗുരു നാനാക്ക് പണ്ഡിതനോ തത്വ ചിന്തകനോ മാത്രമായിരുന്നില്ല, ആക്ടിവിസ്റ്റും വിമര്‍ശകനും കൂടിയായിരുന്നു. ആത്മീയതയില്‍ മാത്രം സമയം ചെലവിടുകയല്ല അദ്ദേഹം ചെയ്തത്. പകലും രാത്രിയും മുഴുവന്‍ കവിത വായിച്ച് സമയം കളയുകയായിരുന്നില്ല അദ്ദേഹം. എന്റെ നാനാക് എന്നോട് ആവശ്യപ്പെട്ടത് ആ കവിതകള്‍ വായിക്കാനും മനസ്സിലാക്കാനും അതില്‍നിന്ന് ലോകത്തെ നന്മയിലേക്ക് വഴിനടത്താനുള്ള മാറ്റങ്ങള്‍ എങ്ങനെ കൊണ്ടുവരാമെന്ന് ചിന്തിക്കാനുമാണ്. വായുവിനെ ഗുരുവായും വെള്ളത്തെ പിതാവായും ഭൂമിയെ മാതാവായും അദ്ദേഹം വിശേഷിപ്പിച്ചു. പഞ്ചാബിന്റെ മഹത്വം അദ്ദേഹം പറഞ്ഞില്ല. ഇന്ത്യയുടെ മഹത്വവും പറഞ്ഞില്ല, മറിച്ച് ലോകത്തിന്റെ മഹത്വമാണ് പറഞ്ഞത്.
ഹോളോകോസ്റ്റിലേക്ക് വന്നാല്‍, അച്ച്വിറ്റ്‌സ് ക്യാമ്പില്‍ ദശലക്ഷത്തിലധികം ജൂതരെയാണ് തടവിലാക്കിയിരുന്നത്. ഇന്ന് അസമിലും ചൈനയിലും ട്രംപിന്റെ അമേരിക്കയിലുമെല്ലാം അത്തരം ക്യാമ്പുകളുണ്ട്. തടവിലാക്കപ്പെട്ട കുട്ടികള്‍ ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ്. അനീതിയില്‍നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അവര്‍ ദാഹിക്കുന്നത്. ഇത്തരം അനീതികള്‍ക്കെതിരെ ഗുരുനാനാക്ക് നിശ്ശബ്ദമായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? രാജാവ് സിംഹമായാല്‍ കിങ്കരന്മാര്‍ നായകളേക്കാള്‍ ഒട്ടും മോശമാവില്ല എന്ന ഗുരുവിന്റെ വാക്കുകള്‍ ഇത്തരം അനീതികള്‍ക്കെതിരായ പോരാട്ടമാണ്.
തുടര്‍ന്ന് മാര്‍ട്ടിന്‍ നീമുള്ളറുടെ കവിതാശകലം വായിച്ച ദൊസാഞ്ചെ, ചീഫ് ജ്സ്റ്റിസ് എസ്.എ ബോബ്‌ഡെ ഉള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കി, സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടിയാണ് നമ്മള്‍ നിലകൊള്ളേണ്ടതെന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.
ഗുരുവിന്റെ വാക്കുകളെ ഉള്‍കൊണ്ട് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ സ്മരണാഞ്ജലിയായി ഇത്തരം ചടങ്ങുകള്‍ മാറൂവെന്നും ദൊസാഞ്ചെ കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ അസ്തിത്വവും ഭരണഘടനാ ധാര്‍മ്മികതയും സംരക്ഷിച്ചു നിര്‍ത്താന്‍ പരമോന്നത നീതിപീഠം ഉണര്‍ന്നിരിക്കേണ്ട സമയമാണിതെന്നായിരുന്നു തൊട്ടു മുമ്പ് ചടങ്ങില്‍ സംസാരിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.