ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളെ പൊളിച്ചടുക്കാന്‍ ചിദംബരം നാളെ പാര്‍ലമെന്റിലെത്തും; ഉറ്റുനോക്കി ലോകം

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ച മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം നാളെ പാര്‍ലമെന്റിലെത്തും. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചിദംബരം പാര്‍ലമെന്റില്‍ സംസാരിക്കുമെന്ന് മകന്‍ കാര്‍ത്തി ചിദംബരമാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. 106 ദിവസത്തെ കസ്റ്റഡി കാലാവധിക്കു ശേഷമാണ് ചിദംബരം പുറത്തെത്തുന്നത്.

ജയിലിലിരിക്കെ തന്നെ ചിദംബരം കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണങ്ങള്‍. ജി.ഡി.പി നമ്പറുകള്‍ അപ്രസക്തമെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയോട് ദൈവം ഇന്ത്യയെ രക്ഷിക്കട്ടെ എന്നാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്. ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ചയിലേക്ക് രാജ്യത്തിന്റെ ജി.ഡി.പി വീണതിനെ കുറിച്ചും ചിദംബരം പ്രതികരിച്ചിരുന്നു.

കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ കോളത്തില്‍ ചിദംബരം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ജി.ഡി.പിയിലെ ഒരു ശതമാനം വീഴ്ച ഒന്നര ലക്ഷം കോടിയുടെ ദേശീയ വരുമാനം ഇല്ലാതാക്കുകയും പത്തു ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്യും എന്ന സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം പുറത്ത് വന്നിരിക്കുന്ന സമയത്താണ് മുന്‍ ധനകാര്യ മന്ത്രി പാര്‍ലമെന്റിലെത്തുന്നത്. ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം വളര്‍ച്ചയാണ് ഇപ്പോഴത്തേത്. ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനെതിരെ നിലവില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

SHARE