ചിക്കന്റെ വിലയെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ചിക്കന്റെ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റുമരിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്‍ഗീര്‍പുരിയിലാണ് സംഭവം. 35കാരനായ ഷിറാസ് എന്ന യുവാവ് ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.

പശ്ചിമബംഗാളിലെ മദീനാപൂര്‍ ജില്ലയിലെ കേശാര്‍പൂര്‍ ജല്‍പാ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് മരിച്ച ഷിറാസ്. ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഇയാള്‍ ചിക്കന്‍ വില്‍പന ആരംഭിക്കുകയായിരുന്നു. തന്റെ കുടിലിന് സമീപത്ത് ചെറിയൊരു ഉന്തുവണ്ടിയിലാണ് ഷിറാസ് ചിക്കന്‍ വില്‍പന നടത്തിയിരുന്നത്. അതിനിടെ, ഷാ ആലം എന്നയാള്‍ ഷിറാസിനോട് ചിക്കന്റെ വിലയെക്കുറിച്ച് അന്വേഷിച്ചു.

വില പറഞ്ഞപ്പോള്‍ മറ്റിടങ്ങളില്‍ നിന്ന് വളരെ വില കൂട്ടിയാണ് ഷിറാസ് വില്‍പന നടത്തുന്നത് എന്നായിരുന്നു ഇയാളുടെ ആരോപണം. ശേഷം വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ഷിറാസിനെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയപ്പോള്‍ ഷാ ആലം അയാളുടെ മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഷിറാസിനെ ആക്രമിക്കുകയായിരുന്നു.

കത്തികൊണ്ടും ഇരുമ്പുവടികൊണ്ടുമാണ് ഷിറാസിനെ ഇവര്‍ ആക്രമിച്ചത്. ഇയാളെ അപ്പോള്‍തന്നെ മംഗോളപുരി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഷാ ആലം അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇയാളുടെ സഹോദരങ്ങള്‍ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

SHARE