ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക്കുകള്‍ തന്നെ; ഗുരുതര രോഗങ്ങള്‍ക്ക് കുത്തിവെക്കുന്ന കോളിസ്റ്റീന്‍

ഇറച്ചിക്കോഴികളില്‍ മാരകമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കോളിസ്റ്റീന്‍ എന്ന ആന്റി ബയോട്ടിക്കുകളാണ് കോഴികളില്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായ അസുഖങ്ങള്‍ക്ക് ഏറ്റവും അവസാന ഉപായമായി ഉപയോഗിക്കുന്ന പ്രഹരശേഷിയുള്ള ആന്റിബയോട്ടിക്കുകളാണ് കോളിസ്റ്റീന്‍. ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം നടത്തിയ പഠനറിപ്പോര്‍ട്ട് ടെലഗ്രാഫ് ദിനപത്രമാണ് പുറത്തുവിട്ടത്.

നൂറുടണിനു മുകളില്‍ കോളിസ്റ്റീന്‍ ആന്റി ബയോട്ടിക്കുകളാണ് ഇന്ത്യയിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശമോ അറിവോ ഇല്ലാതെയാണിത്. കോഴികളുടെ അതിവേഗ വളര്‍ച്ചയിലൂടെ ലാഭം ലക്ഷ്യമിട്ടാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോഴികള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലേക്കാണ് ഇത്തരം മരുന്നുകള്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇത്തരം മരുന്നുകള്‍ കുത്തിവെച്ച ഇറച്ചി ഭക്ഷിക്കുന്നത് ജീവനുവരെ ഹാനിയാണ്. ഇതിന്റെ ഉപയോഗം വര്‍ധിക്കുന്നതോടെ മൊത്തം ജീവി വര്‍ഗത്തിന് തന്നെ വന്‍വിപത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

SHARE