മസില്‍ പവര്‍ ദേശീയത വിജയിക്കില്ലെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ശക്തമായി വിമര്‍ശിച്ചു. മസില്‍ പവര്‍ ദേശീയത ലോകത്ത് എവിടെയെങ്കിലും സംഘര്‍ഷം പരിഹരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. കശ്മീരില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ കടുത്ത വഞ്ചനയെന്നാണ് വിശേഷിപ്പിച്ചത്. ഷാ ഫൈസല്‍ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ ജമ്മുകശ്മീരിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ എന്ത് ചിന്തിക്കുമെന്ന് ആലോചിച്ചു നോക്കൂ എന്ന് ചിദംബരം പറഞ്ഞു. ലോകത്ത് എവിടെയും മസില്‍ പവര്‍ ദേശീയത ലക്ഷ്യം നേടിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മീരില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സന്ദര്‍ശനം നടത്തിയേക്കും. എന്നാല്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് അദ്ദേഹത്തെ തിരിച്ചയക്കുമെന്ന് ചിലര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.