കൗമാരക്കാരി കണ്‍മുന്നില്‍ കൂട്ടബലാത്സംഗത്തിനിരയായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

കോര്‍ബ: കൗമാരക്കാരിയായ കൂട്ടുകാരി കണ്‍മുന്നില്‍ വെച്ച് രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിനിരയായതില്‍ മനംനൊന്ത് 19കാരന്‍ ജീവനൊടുക്കി. ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നിനാണ് സംഭവമുണ്ടായതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തായ സവന്‍ സായ്യാണ് ജീവനൊടുക്കിയത്.

പെണ്‍കുട്ടിയും സുഹൃത്തും കോര്‍ബയിലെ ഒരു സ്‌കൂളിന് സമീപത്ത് ഒന്നിച്ചിരിക്കവെ സ്ഥലത്തെത്തിയ രണ്ടുപേര്‍ സവന്‍ സായിയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് അയാളുടെ കണ്‍മുന്നില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍ക്കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.

പിറ്റേന്ന് സമീപവാസികള്‍ പറഞ്ഞാണ് സായ് ആത്മഹത്യ ചെയ്ത വിവരം പെണ്‍കുട്ടി അറിയുന്നത്. താന്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മനംനൊന്താണ് സായ് ജീവനൊടുക്കിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

സെപ്റ്റംബര്‍ ഒന്നിനാണ് സംഭവം നടന്നത് തുടര്‍ന്ന് സെപ്റ്റംബര്‍ 3 ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി ഖട്‌ഘോര സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയതെന്നും എസ്.പി ശ്രീവാസ്തവ പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളായ ഈശ്വര്‍ ദാസ്, ഖേം കന്‍വാര്‍ എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോയും ഐ.പി.സി സെക്ഷന്‍ 306ഉം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.