ഛത്തീസ് ഘട്ട് തെരഞ്ഞെടുപ്പ്: രാഹുലും മോദിയും ഇന്ന് നേര്‍ക്കുനേര്‍

ഛത്തീസ് ഘട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങും. 2019-ലെ തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും വെല്ലുവിളികളാണ്.

ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി മോദിയും രാഹുലും ഇന്ന് പ്രചാരണം നടത്തും. നക്‌സല്‍ സ്വാധീന മേഖലയായ ബസ്തറിലെ ജഗദാല്‍ പൂരിലില്‍ നിന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടുന്നത്. രണ്ട് ദിവസം ഛത്തീസ് ഘട്ടില്‍ തങ്ങുന്ന രാഹുല്‍, മോദിക്ക് മറുപടി പറയാന്‍ നാളെ ജഗദാല്‍പൂരിലെത്തും. ഇന്ന് രാഹുലിന്റെ പര്യടനം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമായ രാജ് നന്ദഗാവിലാണെന്നത് ശ്രദ്ധേയമാണ്. ഇന്ന് മണ്ഡലത്തില്‍ തങ്ങുന്ന രാഹുല്‍ അവിടെ റോഡ് ഷോയും നടത്തും.

അതേസമയം, കോണ്‍ഗ്രസ് പ്രചാരണത്തെ മറികടക്കാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ പയറ്റുകയാണ്. പ്രധാനമന്ത്രിയുടെ 30-ലധികം റാലികള്‍ അഞ്ച് സംസ്ഥാനങ്ങളിലുമായി നടത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്.