ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പായി

 

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. 10 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് ജാസ് ടൂറിസം കമ്പനി നല്‍കിയ കേസ് അദ്ദേഹം തന്നെ പിന്‍വലിച്ചതായി ബിനോയ് കോടിയേരി മാധ്യമങ്ങളെ അറിയിച്ചു. കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്തു തീര്‍ത്തതോടെയാണ് കേസ് അവസാനിച്ചത്.

ചെക്ക് കേസുകള്‍ ദുബായില്‍ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും മര്‍സൂഖി പ്രതികരിച്ചു. ബിനോയ് നല്‍കാനുള്ള 1.72 കോടി രൂപ നല്‍കാന്‍ തയാറാണെന്നു വ്യവസായി സുഹൃത്തുക്കള്‍ മര്‍സൂഖിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ രണ്ടു കേസുകള്‍ കൂടി ദുബായ് കോടതിയില്‍ ബിനോയിക്കെതിരെയുണ്ട്. പണം നല്‍കാതെയാണ് കേസ് തീര്‍പ്പായതെന്ന് ബിനോയ് അവകാശപ്പെട്ടു. മര്‍സൂഖി കേസ് പിന്‍വലിക്കുകയായിരുന്നെന്നും അനുകൂലമായ പ്രതികരണമാണ് മര്‍സൂഖിയില്‍ നിന്ന് ഉണ്ടായതെന്നും ബിനോയ് പറഞ്ഞു.

യാത്രാവിലക്ക് നീക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടണ്ട്. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് കരുതുന്നതായും ബിനോയ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകേസില്‍ പെട്ട ബിനോയ് കോടിയേരിക്ക് ദുബായ് കോടതി യാത്രാവിലക്ക് ഏര്‍പെടുത്തിയിരുന്നു. ഇതോടെ ദുബായില്‍ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിര്‍ഹമാണ് (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ല്‍ ബിനോയിക്കു നല്‍കിയതെന്നു പറയുന്നത്.

ഇതില്‍ 1.72 കോടിയോളം രൂപയുടെ കേസാണ് യാത്രാവിലക്കിനു കാരണമായത്. കാസര്‍കോട് സ്വദേശിയായ വ്യവസായിയാണു പണം നല്‍കിയതെന്നു റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം ഉന്നത സി.പി.എം നേതാവിന്റെ ബന്ധുവാണ്. ശേഷിക്കുന്ന 20 ലക്ഷം ദിര്‍ഹവുമായി ബന്ധപ്പെട്ടു രണ്ടു കേസുകള്‍ കൂടി ബിനോയിക്കെതിരെ ദുബായ് കോടതിയില്‍ കമ്പനി നല്‍കുമെന്നാണു പറയുന്നത്.