നൗഷാദിന്റെ ഉമ്മയെ ആശ്വസിപ്പിച്ച് ചെന്നിത്തല; ‘ചാവക്കാട്ടേത് എസ്.ഡി.പി.ഐ. നടത്തിയ ആസൂത്രിത കൊലപാതകം’; രമേശ് ചെന്നിത്തല

തൃശൂര്‍: എസ്.ഡി.പി.ഐ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ചാവക്കാട്ടെ നൗഷാദിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഡമ്മി പ്രതികളെ തേടിയാണ് പോലീസ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ വെട്ടേറ്റ് മരിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൗഷാദിന്റെ വീട്ടിലെത്തി ചെന്നിത്തല ഉമ്മയെ ആശ്വസിപ്പിച്ചു. കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് പുന്നയുടെ വസതിയില്‍ മാതാവിനെയും മറ്റ് ബന്ധുക്കളെയും ഇന്ന് രാവിലെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്. രാവിലെ 8.15ഓടെയാണ് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവ് നൗഷാദിന്റെ വസതിയില്‍ എത്തിയത്.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പോലീസ് ഡമ്മി പ്രതികളെ തേടുകയാണെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നൗഷാദിന്റെ ഖബറടക്കം നടന്നത്. ജനത്തിരക്ക് മൂലം നേതാക്കള്‍ക്ക് കുടുംബാംഗങ്ങളെ കാണാനോ ആശ്വസിപ്പിക്കാനോ സാധിച്ചിരുന്നില്ല.

SHARE