സ്പിംഗ്‌ളര്‍: മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ദുരൂഹത വര്‍ദ്ധിച്ചുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പിംഗ്‌ളര്‍ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ഈ ഇടപാടിലെ ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ സമ്പൂര്‍ണ്ണമായ ആശയക്കഴപ്പമായി. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്നത് പോലുള്ള ഗുരുതരമായ കാര്യത്തില്‍ മുഖ്യമന്ത്രി അജ്ഞത നടിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

സിംപ്ഗളറിന്റെ വെബ് പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റിലേക്ക് അത് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണോ ഇത് ചെയ്തതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴി സ്പിംഗളര്‍ക്ക് തന്നെയാണ് വിവരങ്ങള്‍ നല്‍കുന്നതെങ്കില്‍ അത് കൂടുതല്‍ ഗൗരവതരമാണ്.

ഇതിനകം സ്പിംഗളര്‍ സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ഇനി എന്തു ചെയ്യും എന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. ഈ വിരങ്ങള്‍ ഈ വിദേശ കമ്പനി മറിച്ചു വില്‍ക്കുകയില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇത് വരെ മറുപടി നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച കാരാര്‍ എന്നാണ് ഒപ്പു വച്ചത്, ആരൊക്കെ ഒപ്പു വച്ചു, കരാര്‍ നിബന്ധനകള്‍ എന്തൊക്കെ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇനിയും വ്യക്തമാകാനുണ്ട്. അതിനാല്‍ കരാര്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിടണം. ഐ.ടി സെക്രട്ടറി ശിവശങ്കരനെ മാറ്റി നിര്‍ത്തി ഈ ഇടപാടിനെപ്പറ്റി സമഗ്രമായ അന്വേഷണവും നടത്തണമെന്നും രമേശ് ചെന്നത്തല ആവശ്യപ്പെട്ടു.