നഴ്‌സുമാര്‍ക്കായി കേരളാ ഹൗസ് വിട്ടുനല്‍കണം; മുഖ്യമന്ത്രിയോട് ആവശ്യവുമായി ചെന്നിത്തല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രികളില്‍ കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്ന നഴ്സുമാര്‍ക്കായി ഡല്‍ഹി കേരളാ ഹൗസ് വിട്ടുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ അടക്കമുള്ള നഴ്സുമാര്‍ക്കായി ഡല്‍ഹി ഗുജറാത്ത് ഭവനിലാണ് സംസ്ഥാന സര്‍ക്കാര്‍ താത്കാലിക താമസം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നഴ്സുമാര്‍ക്ക് വേണ്ട താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളാ ഹൗസില്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. വീടുകളില്‍ പോയുള്ള മടങ്ങി വരവ് നഴ്സുമാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ അവസരത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള കേരളാ ഹൗസ് വിട്ടുനല്‍കാന്‍ കേരള സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ചെന്നിത്തല വ്യക്തമാക്കി.

തലസ്ഥാനത്ത് 12 നഴ്സുമാര്‍ക്ക് ഇതിനകം തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ ജോലി കഴിഞ്ഞെത്തുന്ന നഴ്സുമാര്‍ക്ക് ഐസൊലേഷന്‍ സൗകര്യം ആവശ്യമാണ്. അതിനാല്‍ കേരളാ ഹൗസിലെ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോട് കൂടിയ മുറികള്‍ ഇതിനായി വിട്ടുനല്‍കണം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അതോടൊപ്പം തന്നെ സുരക്ഷാ സൗകര്യവും പ്രതിരോധത്തിനായുള്ള ഉപകരണങ്ങളും വിട്ടുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.