50 കോടിയുടെ ബജറ്റ് വിഹിതം വനിതാ മതിലിനായി ചിലവാക്കുന്നത് അഴിമതി: ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതിലിനെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രസക്തവും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളിയെ തുറന്ന് കാട്ടുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കി വച്ച അമ്പത് കോടിയില്‍ നിന്നാണ് മതില്‍ പണിയുന്നതെന്നു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലം സര്‍ക്കാരിന്റെ മുന്‍നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പണം മതിലിനായി ചിലവഴിക്കില്ലന്നാണ് മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമസംവിധാനങ്ങളുടെയും പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അതിനായാണ് ഈ പണം ചിലവാക്കേണ്ടത്. അതിനുപകരം സ്ത്രീ സുരക്ഷക്കായി മതില്‍ പണിതാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാകുമെന്ന നിലപാട് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. ബഡ്ജറ്റില്‍ വകയിരുത്തിയ തുക ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത് കൊടിയ അഴിമതിയാണ്. മതിലിനായി ആളുകളെ എത്തിക്കുന്ന ചുമതല സി.പി.എം പാര്‍ട്ടി ഘടകങ്ങള്‍ക്കാണ്. അവര്‍ക്ക് തോന്നിയത് പോലെ സര്‍ക്കാര്‍ പണം ചിലവഴിക്കാന്‍ കൊടുക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.

18 വയസില്‍ താഴെയുള്ളവരെ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തെയും പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തു. വനിതാ മതില്‍ സര്‍ക്കാര്‍ ചിലവിലാണ് പണിയുന്നതെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ചതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ശരിവച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ പ്രളയ ദുരിതാശ്വാസം ലഭിക്കാതെ കഷ്ടപ്പെടുമ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യവും അതീവ പ്രധാന്യമര്‍ഹിക്കുന്നതാണെന്നും രമേശ് ചെന്നി്ത്തല പറഞ്ഞു. പ്രതിപക്ഷം നിയസഭക്കകത്തും പുറത്തും ഇതേ ചോദ്യമാണ് ഉയര്‍ത്തിയത്. ഹൈക്കോടതിക്ക് സര്‍ക്കാരിനെ വിശ്വാസമില്ലാത്തത് കൊണ്ടാണ് വനിതാമതിലിന് ചിലവാകുന്ന തുകയുടെ കണക്ക് കോടതിയെ ബോധിപ്പിക്കണമെന്ന് നിര്‍ദേശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ടുള്ളതല്ല വനിത മതില്‍ എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ശബരിമലയിലെ യുവതി പ്രവേശനവും വനിതമതിലുമായി ബന്ധമുണ്ടെന്നാണ്. ശരിക്കും ഈ മതില്‍ എന്തിനാണെന്ന് സര്‍ക്കാരിന് പോലും വ്യക്തതയില്ലാത്ത അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.