ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിരാകരിച്ചതിന് പിന്നില്‍

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചു വിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട്് ചട്ടം 130 പ്രകാരം പ്രതിപക്ഷം നല്‍കിയ നോട്ടീസ് കാര്യോപദേശക സമിതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തതു കാരണം നിരാകരിക്കപ്പെട്ടിരിക്കുകയാണ്. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി സര്‍ക്കാര്‍ നിലപാട്. ഈ പ്രമേയം ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ അത് രാജ്യത്തിന് കേരളം നല്‍കുന്ന വലിയ സന്ദേശമാകുമായിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ മതേതരത്വത്തെയും സാഹോദര്യത്തെയും നിലനിര്‍ത്തുന്നതിന് രാജ്യമെമ്പാടും നടക്കുന്ന പോരാട്ടത്തിന് ഇത് കൂടുതല്‍ ഊര്‍ജം പകരുകയും ചെയ്യുമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിന്റെ പേരിലാണ് ഗവര്‍ണര്‍ സഭയുടെ അധികാര അവകാശങ്ങളെ ഹനിക്കുകയും സഭയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുകയും ചെയ്തത്. ആ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാണ് പ്രതിപക്ഷം പ്രമേയം കൊണ്ടു വന്നത്. യഥാര്‍ത്ഥത്തില്‍ സഭയുടെ നാഥനായ മുഖ്യമന്ത്രി കൊണ്ടു വരേണ്ടതായിരുന്നു ഈ പ്രമേയം. അദ്ദേഹം അതിന് തയ്യാറാവാത്തതിനാലാണ് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ഞാന്‍ അതിന് നോട്ടീസ് കൊടുത്തത്. അതിനെയാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങള്‍ വെറും നാടകം മാത്രമാണെന്നാണ് ഇതില്‍ നിന്ന് തെളിയുന്നത്. തെരുവിലെ പ്രസംഗവേദികളില്‍ മൈക്കിന് മുന്നില്‍ ശൗര്യം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി ബി.ജെ.പിയുടെ ശക്തനായ പ്രചാരകനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ മുന്നില്‍ മുട്ടുകാലില്‍ നില്‍ക്കുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്.

എന്തിന് ഗവര്‍ണ്ണറെ തിരിച്ച് വിളിക്കണം

ഗവര്‍ണ്ണര്‍ സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ (Executive head ) ആണെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 153,154,155 തുടങ്ങിയവ വ്യക്തമാക്കുന്നു. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ സഹായവും ഉപദേശവും ( മശറ മിറ മറ്ശരല) അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നിയമ നിര്‍മാണ സഭകളെയും അവയുടെ അധികാരത്തെയും ബഹുമാനിക്കേണ്ട ധാര്‍മിക ബാധ്യത ഗവര്‍ണ്ണര്‍മാര്‍ക്കുണ്ട്.
ഇന്ത്യയിലെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ 2019 ഡിസംബര്‍ 31 ന്് കേരള നിയമസഭ ഐകകണ്‌ഠ്യേന ഒരു പ്രമേയം പാസാക്കുകയുണ്ടായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ മുന്നോട്ട് നിര്‍ദേശം മുഖ്യമന്ത്രിയുള്‍പ്പെടയുള്ളവര്‍ അംഗീകരിച്ചാണ് ഇത്തരത്തില്‍ ഒരു പ്രമേയം അവതരിപ്പിച്ചതും അംഗീകരിച്ചതും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മതം നോക്കി പൗരത്വം നല്‍കുന്ന ഭരണഘടനാ വിരുദ്ധവും, ജനാധിപത്യവിരുദ്ധവും ഇന്ത്യന്‍ സമൂഹത്തിന്റെ മതേതര ചട്ടക്കൂടിനെ തച്ചു തകര്‍ക്കന്നതുമായ ഈ നിയമത്തിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ വികാരമാണ് നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ഈ പ്രമേയത്തിലൂടെ ദൃശ്യമായത്.
എന്നാല്‍ നിയമസഭയുടെയും, കേരളത്തിലെ ജനങ്ങളുടെയും ഈ വികാരപ്രതിഫലനത്തെ സംസ്ഥാനമൊട്ടുക്കും നടന്ന് അവഹേളിക്കുകയാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്്. കേരള നിയമസഭ പാസാക്കിയ ഈ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് പാസ്സാക്കുക വഴി സഭയുടെ സമയവും ജനങ്ങളുടെ നികുതിപ്പണവും അപഹരിക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹം പരിഹസിച്ചത്്. ഈ പരിഹാസം നമ്മുടെ നിയമസഭയോടുളള അനാദരവും, അപമാനവുമാണെന്ന് പ്രതിപക്ഷം കരുതുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കേണ്ടതും, അവരുടെ ആശയാഭിലാഷങ്ങളെ അഭിസംബോധന ചെയ്യേണ്ടതും നിയമസഭയിലെ സാമാജികരാണ്. പൗരത്വ ഭേദഗതി നിയമത്തെ ജാതിമത ഭേദമന്യേ എല്ലാവരും എതിര്‍ക്കുകയാണ്. ആ ജനവികാരമാണ് സംയുക്ത പ്രമേയത്തിലൂടെ സഭയില്‍ കണ്ടത്. ആ വികാരത്തെ വൃണപ്പെടുത്തുകയും നിയമസഭയെ അവഹേളിക്കുകയും ചെയ്തതു കൊണ്ടാണ് ഈ ഗവര്‍ണ്ണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിനായി നോട്ടീസ് കൊടുത്തത്.

ഗവര്‍ണ്ണറെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുന്നു

2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന ജോലിയാണ് ഗവര്‍ണ്ണര്‍മാര്‍ ചെയ്യുന്നത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതിനുള്ള ഉപകരണങ്ങളായി ഗവര്‍ണ്ണര്‍മാര്‍ മാറുകയാണ്. ബി ജെ പി നിയോഗിച്ച ഗവര്‍ണ്ണമാര്‍ എല്ലാം തന്നെ അമിത്ഷായുടെ ഏജന്റുമാരെപ്പോലെയാണ് പെരുമാറുന്നത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്ന പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുദിക്കാതെ അവിടെയെല്ലാം ബി ജെ പി യെ അധികാരത്തില്‍ എത്തിക്കാന്‍ കരുക്കള്‍ നീക്കുന്ന മാനിപ്പുലേറ്റര്‍മാരായി പ്രവര്‍ത്തിക്കുകയാണ് ബി ജെ പി നിയമിച്ച ഒട്ടുമിക്ക ഗവര്‍ണ്ണര്‍മാരും. മണിപ്പൂരിലും ഗോവയിലുമെല്ലാം കണ്ടത് അതാണ്. കര്‍ണ്ണാടകത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന ഒരു മുന്നണിയെ തകര്‍ത്താണ് ബി ജെ പി സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ അവിടുത്തെ ഗവര്‍ണ്ണര്‍ ചട്ടുകമായത്്. മഹാരാഷ്ട്രയിലാകട്ടെ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിക്ക് കേവല ഭൂരിപക്ഷം ഇല്ലാതിരിക്കുകയും, അവരുടെ സഖ്യകക്ഷിയായിരുന്ന ശിവസേന പിന്തുണ കൊടുക്കാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിച്ചിട്ടും ബി.ജെ പി യടെ മുഖ്യമന്ത്രിയായിരുന്ന ഫഡ്‌നാവിസിനെ വീണ്ടും മുഖ്യമന്ത്രിയായി നേരം പുലരും മുമ്പെ സത്യപ്രതിജ്ഞ ചെയ്യിച്ചു. പോണ്ടിച്ചേരി ലഫ്. ഗവര്‍ണ്ണര്‍ കിരണ്‍ ബേദിക്കെതിരെ അവിടുത്തെ മുഖ്യമന്ത്രി നാരായണ സ്വാമിക്ക്്് സത്യാഗ്രഹം ഇരിക്കേണ്ടി വന്നു. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിനെതിരെ അരവിന്ദ്്് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് 2018 ജൂലായ് നാലിന് നല്‍കിയ ഉത്തരവില്‍ വ്യക്തമായി ഇങ്ങനെ പറയുന്നു. ‘ elected representative is the real executive and Lt. governor must act as per the aid and advice of the elected government’.
തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഭരണത്തലവന്മാരെന്നും അവരുടെ സഹായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണ്ണറുടെ കര്‍ത്തവ്യം എന്നുമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഭരണഘടനാപരമായ അധികാര കേന്ദ്രത്തെ ചോദ്യം ചെയ്ത ഗവര്‍ണ്ണര്‍ പിന്നെ ആ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും കള്ളക്കളി

ഗവര്‍ണ്ണറെ തിരിച്ചു വിളിക്കുന്ന പ്രമേയം അനുവദിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും, സര്‍ക്കാരും കള്ളക്കളിയാണ് നടത്തിയത്. പൗരത്വ ബില്ലിനെതിരെ പ്രമേയം അവതിപ്പരിപ്പിക്കണമെന്ന് പ്രതിപക്ഷ നിര്‍ദേശം അംഗീകരിക്കാമെങ്കില്‍ അതേ കാര്യത്തില്‍ സഭയെ വിമര്‍ശിച്ച ഗവര്‍ണ്ണറെ മടക്കി വിളിക്കണമെന്ന പ്രമയേത്തിനെതിരെ നിഷേധ നിലപാട് എന്ത് കൊണ്ട്് മുഖ്യമന്ത്രി സ്വീകരിച്ചു എന്നത് വിചിത്രമാണ്. ഗവര്‍ണ്ണര്‍ക്കെതിരെ ചന്ദ്രഹാസമിളക്കി ആദ്യം രംഗത്ത് വന്ന മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ചവിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവുമായി പ്രതിപക്ഷം രംഗത്തു വന്നപ്പോള്‍ ഒളിച്ചോടുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോള്‍ ഗവര്‍ണറുടെ മുന്നില്‍ വിനീത വിധേയരാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും സി.പി.എം നേതൃത്വവുമെല്ലാം. ഗവര്‍ണ്ണര്‍ സംസ്ഥാനത്തിന്റെ റസിഡന്റ് അല്ലാ എന്നോര്‍ക്കണം എന്ന് വെല്ലു വിളിക്കുന്ന പോലെ പറഞ്ഞ മുഖ്യമന്ത്രി ഒരു ചായകുടി കഴിഞ്ഞപ്പോഴേക്കും ഗവര്‍ണ്ണറുടെ സ്വന്തം ആളായ പോലെയായി മാറി. തനിക്ക് വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രി തന്നോട് അഭ്യര്‍ത്ഥിച്ചത് കൊണ്ട് നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുളള പൗരത്വ നിയമം സംബന്ധിച്ച ഭാഗം വായിക്കുന്നുവെന്നാണ് നിയമസഭയില്‍ ഗവര്‍ണ്ണര്‍ പറഞ്ഞത്്. പുറമെയ്ക്ക് യുദ്ധം ചെയ്യുന്നതായി നടിക്കുന്ന ഇവര്‍ തമ്മിലുള്ള ഐക്യമാണ് ഇതിലൂടെ വെളിവാകുന്നത്.

ഇ.എം.എസിന്റെ നിലപാട് നിരാകരിച്ച് പിണറായി

പ്രമേയം നിരാകരിക്കാന്‍ കാര്യോപദേശക സമിതിയില്‍ പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞ നാല് കാരണങ്ങളും നിലനില്‍ക്കുന്നതല്ല. പ്രമേയം സ്പീക്കര്‍ സ്വീകരിച്ചിട്ടില്ലെന്നതായിരുന്നു ആദ്യത്തെ കാരണം. അത് ശരിയല്ല. പ്രമേയം ക്രമപ്രകാരമാണെന്ന് സ്പീക്കര്‍ നേരത്തെ പറയുകയും അത് no day yet named motion ( ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപം) ആയി ബുള്ളറ്റിനില്‍ പബഌഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്പീക്കര്‍ അനുവദിച്ചതു കൊണ്ടാണ് പ്രമേയം കാര്യോപദേശക സമതിയുടെ പരിഗണനയ്ക്ക് എത്തിയത് തന്നെ.
സ്പീക്കര്‍ക്കെതിരായ പ്രമേയം സഭയില്‍ കൊണ്ടു വരുന്നതിന് കീഴ് വഴക്കമില്ല എന്നതായിരുന്നു മന്ത്രി എ.കെ.ബാലന്‍ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ കാരണം. അതും ശരിയല്ല. കേരള നിയമസഭയില്‍ തന്നെ ഗവര്‍ണ്ണര്‍ക്കെതിരായ പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. മുമ്പ് ഇ.എം.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. 18.3.1969 ല്‍ ആയിരുന്നു അത്. പശ്ചിമബംഗാളില്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ചില പാരഗ്രാഫുകള്‍ ഗവര്‍ണ്ണര്‍ വായിക്കാതിരുന്നപ്പോള്‍ അത് ജനാധിപത്യ വിരുദ്ധമാണെന്നു പറഞ്ഞ് പ്രമേയം ഇവിടെ പാസ്സാക്കി. ഇന്ത്യന്‍ ജനാധിപത്യത്തെത്തന്നെ അപകടപ്പെടുത്തുന്ന ഒന്നാണ് എന്ന് പറഞ്ഞാണ് ഇ.എം.എസ് അന്ന് പ്രമേയം പാസ്സാക്കിയത്. ഇ.എം.എസിന്റെ മാതൃക പിണറായി എന്തു കൊണ്ടു തള്ളുന്നു? തമിഴ്‌നാട്ടില്‍ 1995 ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടത്തെ ഗവര്‍ണ്ണര്‍ ചെല്ലറെഡ്ഡിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ആ നിയമസഭ പാസ്സാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ഗവര്‍ണര്‍ രാംദുലാരി സിന്‍ഹ ചാന്‍സര്‍ എന്ന നിലയില്‍ കൈക്കൊണ്ട നടപടിക്കെതിരായി ഭരണകക്ഷിയില്‍ നിന്ന് ഒ. ഭരതന്‍ കൊണ്ടുവന്ന സഭയുടെ അതൃപ്തി രേഖപ്പെടുത്തുന്ന പ്രമേയം ചര്‍ച്ച ചെയ്തു പാസ്സാക്കിിയിട്ടുണ്ട്. അന്ന് സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍ ഗവര്‍ണ്ണര്‍ക്ക് എതിരെ അതൃപ്തി രേഖപ്പെടുത്താന്‍ മാത്രമല്ല ഗവര്‍ണറെ തിരികെ വിളിക്കണമെന്നുള്ള പ്രമേയം പാസ്സാക്കാനും നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് റൂളിംഗ് നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കാര്യോപദേശക സമിതിയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അയഞ്ഞില്ല.
മൂന്നാമതായി പാര്‍ലമെന്ററികാര്യ മന്ത്രി പറഞ്ഞത് ഇങ്ങനെ ഒരു പ്രമേയം പാസ്സാക്കിയാല്‍ അത് ഗവര്‍ണ്ണര്‍ക്ക് മഹത്വം ഉണ്ടാക്കും എന്നാണ്. എത്ര ആലോചിച്ചിട്ടും അതെങ്ങനെ എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. എന്തു മഹത്വമാണ് അദ്ദേഹത്തിനുണ്ടാകാന്‍ പോകുന്നത്? കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും ഗവര്‍ണ്ണറുടെ നിലപാടിന് എതിരാണ്. സി.എ.എ.യുടെ കാര്യത്തില്‍ ഗവര്‍ണ്ണര്‍ സ്വീകരിച്ചിട്ടുള്ള നിലപാടിന് എതിരായി ജനരോഷം കേരളത്തില്‍ ആളിക്കത്തുകയാണ്. ആ ജനരോഷത്തിന്റെ പ്രതിഫലനം നിയമസഭയില്‍ വന്നില്ലെങ്കില്‍പ്പിന്നെ എവിടയാണ് ഞങ്ങള്‍ കൊണ്ടുവരേണ്ടത്? സര്‍ക്കാറും ഗവര്‍ണ്ണറും തമ്മിലുള്ള കള്ളക്കളിയാണ് ഇവിടെ കാണുന്നത്. ഇവര്‍ക്ക് ഗവര്‍ണ്ണറുടെ ആനുകൂല്യം വേണം.
നാലാമതായി മന്ത്രി ബാലന്‍ പറഞ്ഞത് പ്രമേയം ചര്‍ച്ച ചെയ്യാന്‍ സഭയുടെ മുന്നില്‍ സമയമില്ല എന്നതാണ്. അതും ശരിയല്ല. ഒരു ബില്ല് പാസ്സാകാന്‍വേണ്ടി ഉച്ചയ്ക്കുശേഷം ഇരിക്കാന്‍ തയ്യാറായവരാണ് പ്രതിപക്ഷം. വേണമെങ്കില്‍ ഇത് ചര്‍ച്ച ചെയ്യാന്‍ ഉച്ചതിരിഞ്ഞ് വീണ്ടും ഇരിക്കാമെന്നും പറഞ്ഞു. അതും സമ്മതിച്ചില്ല. അങ്ങനെ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്തന് തടയുന്നതിന് കൊണ്ടു വന്ന കാരണങ്ങളോരോന്നും പ്രതിപക്ഷം പൊളിച്ചടുക്കിയിട്ടും പ്രമേയത്തിന് സമയം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

നഷ്ടപ്പെടുത്തിയത് രാഷ്ട്രത്തിനുള്ള സന്ദേശം

ഈ പ്രമേയം ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ അത് ഇന്ത്യയിലെ മുഴുവന്‍ ഗവര്‍ണ്ണര്‍മാക്കും ഒരു പാഠമായി മാറുമായിരുന്നു. ബി.ജെ.പി ഇതര ഗവണ്‍മെന്റുകള്‍ക്കെതിരെ ഗവര്‍ണ്ണറെ വച്ച് കളിക്കുന്ന നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നിലപാടുകളെ ചെറുക്കുന്നതിന് അത് വഴി കഴിയുമായിരുന്നു. ഫെഡറിലിസത്തിനെതിരായി ഇന്ന് ഗവര്‍ണ്ണര്‍മാരെ വച്ചുള്ള അമിത് ഷായുടെ കളി അവസാനിപ്പിക്കാന്‍ കേരളത്തില്‍ ഒരു കീഴ് വഴക്കം ഉണ്ടാക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. വളരെ ദൗര്‍ഭാഗ്യകരമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരുമായുള്ള സി പി എമ്മിന്റെ ഒത്ത് കളി തന്നെയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
പിണറായിയുടെയും സി പി എമ്മിന്റെയും സംഘപരിവാര്‍ വിരോധം വെറും തട്ടിപ്പാണെന്ന് ഞങ്ങള്‍ നേരത്തെ മുതല്‍ പറയന്നത് അക്ഷരം പ്രതി ശരിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
പിണറായിയുടെ ഗവര്‍ണ്ണര്‍ വിരോധവും പൗരത്വ ഭേദഗതി നിയമ വിരോധവുമെല്ലാം ജനങ്ങളെ കബളിപ്പിക്കാനുള്ള അടവ് മാത്രമാണ്.പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി യു.ഡി.എഫ് എന്തു വന്നാലും ശക്തമായി മുന്നോട്ട് പോകും