ശബരിമല കര്‍മസമിതി ആട്ടിന്‍തോലിട്ട ചെന്നായ: ചെന്നിത്തല

തിരുവനന്തപുരം: ശബരിമല കര്‍മസമിതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല കര്‍മസമിതി ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസ് തീറ്റിപ്പോറ്റുന്ന സംഘടനയാണ് ശബരിമല കര്‍മസമിതി. ശബരിമലയുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണ്. ശബരിമല സംബന്ധിച്ച കേസ് സുപ്രീംകോടതി വരെ എത്തിച്ചത് ബി.ജെ.പി അനുകൂല അഭിഭാഷക സംഘടനയാണ്. ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയതെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വയനാട്ടില്‍ മത്സരിക്കാതെ രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ കഴിയുമോ എന്ന ബി.ജെ.പി നേതാക്കളുടെ ചോദ്യം അപഹാസ്യമാണ്. മതനിരപേക്ഷമായി ചിന്തിക്കുന്ന മനുഷ്യരാണ് കേരളത്തിലുള്ളത്. മോദിയുടെ വര്‍ഗീയകളി ഇവിടെ ചിലവാകില്ല. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി മോദി പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ജനങ്ങളെ അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

SHARE