കേരളത്തെ കൊലക്കളമാക്കാൻ ബി.ജെ.പി, സി.പി.എം : പ്രതിപക്ഷ നേതാവ്

കൊച്ചി: കേരളത്തിൽ വർഗീയ സംഘർഷം വളർത്താൻ സി പി എമ്മും സംഘപരിവാർ സംഘടനകളും ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അക്രമങ്ങൾ അമർച്ച ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജുമാ മസ്ജിദ് ആക്രമിക്കാൻ മുന്നോട്ട് വന്ന സി പി എം എന്ത് സന്ദേശമാണ് നൽകുന്നത്. ആരാധനാലയങ്ങളെ പോലും സി പി എം , ആർ എസ് എസ് അക്രമിസംഘം വെറുതെ വിടുന്നില്ല. കേരളത്തെ കൊലക്കളമാക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. രണ്ടു കൂട്ടരും ചേർന്ന് സമാധാന ജീവിത തകർക്കുകയാണെന്നും ചെന്നിത്തല കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

യു ഡി എഫ് നേതാക്കൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വർഗീയമായി അധിക്ഷേപിക്കുന്നവർക്കെതിരെ ഒരു നടപടിയും എടുക്കാത്ത പൊലീസ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കുകയും സസ്‌പെൻഡ് ചെയുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാവിനെയും നേതാക്കളെയും വർഗീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവങ്ങളിൽ പരാതി നൽകിയിട്ട് പോലും നടപടി ഉണ്ടാകുന്നില്ലെന്നു അദ്ദേഹം ആരോപിച്ചു.

സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിൽ പൊലീസും സർക്കാരും പരാജയപ്പെട്ടു. വീടുകൾ പോലും ആക്രമിക്കപ്പെടുന്നു. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. നാല്പത്തെട്ട്‍ മണിക്കൂർ ദേശീയ പണിമുടക്ക് സംസ്‌ഥാനത്ത്‌ ഹർത്താലായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ യു ഡി എഫ് അനുകൂല ട്രേഡ് യൂണിയനുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി പി എമ്മും സംഘപരിവാർ സംഘടനകളും ചേർന്ന് കേരളം ഭ്രാന്താലയം ആക്കുന്നതിനെതിരെ സ്വാമി വിവേകാനന്ദൻറെ ജന്മദിനമായ ജനുവരി 12 ന് തിരുവനന്തപുരത്ത് വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ യു ഡി എഫ് ഏകദിന ഉപവാസം നടത്തും. 28 ന് യു ഡി എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റും ജില്ലാ കളക്ടറേറ്റുകളും വളയുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.