ഗവര്‍ണര്‍ ആര്‍.എസ്.എസിന്റെയും അമിത് ഷായുടെയും ഏജന്റ്-ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസിന്റെയും അമിത് ഷായുടെയും ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാറിന്റെ പാലമാണ് ഗവര്‍ണറെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പാണ്. സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് വ്യക്തമായെന്ന് ചെന്നത്തല കൂട്ടിച്ചേര്‍ത്തു. ചങ്ങല പിടിച്ചതെല്ലം മുഖ്യമന്ത്രിയുടെ നാടകമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം ജനങ്ങള്‍ക്ക് ബോധ്യമായി.

ഗവര്‍ണറുടെ കാല്‍ പിടിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടായി. കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി മൗനം പാലിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണിത്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം പിന്തുണയ്ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നയപ്രഖ്യാപനം പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡുകള്‍ ക്രൂരമായി മര്‍ദിച്ചതായും ചെന്നിത്തല പറഞ്ഞു. സഭയിലേക്ക് വാച്ച് ആന്റ് വാര്‍ഡിനെ വിളിക്കണ്ടെന്ന രീതി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തെറ്റിച്ചു. വാച്ച് ആന്റ് വാര്‍ഡുകള്‍ ഡയസുകള്‍ അക്രമിക്കുകയും എം.എല്‍.എമാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ ഗവര്‍ണറായിരുന്ന ജസ്റ്റിസ് പി.സദാശിവത്തെ നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാതൃകയാക്കണം. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

SHARE