സഭാ സമ്മേളനം മാറ്റിയാലും പോരാട്ടം തുടരും: രമേശ് ചെന്നിത്തല

തിരുവനന്തപരും: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം രാഷ്ട്രീയ കാരണങ്ങളാലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരായി ഉയര്‍ന്നുവരുന്ന അവിശ്വാസപ്രമേയത്തെ എതിര്‍ക്കാന്‍ ഇടതുമുന്നണിയിലെ പല കക്ഷികള്‍ക്കും പ്രയാസമുണ്ട് എന്നുള്ള വസ്തുത കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കാം നിയമസഭ മാറ്റിവച്ചതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്ന് പുറകോട്ട് പോകുന്ന പ്രശ്‌നമില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശം ധാര്‍മ്മികമായി പിണറായിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതിയും തീവെട്ടിക്കൊള്ളയും നടത്തുന്ന സര്‍ക്കാരിനെതിരായ പോരാട്ടം പ്രതിപക്ഷം കൂടുതല്‍ ശക്തിയായി തുടരും. എത്ര മാറ്റിവച്ചാലും സെപ്തംബര്‍ മാസത്തില്‍ സഭ കൂടിയേ മതിയാകൂ. അതുകൊണ്ട് സഭയ്ക്ക് അകത്തും പുറത്തും ഈ അഴിമതി ഭരണത്തിനെതിയായ പോരാട്ടം ശക്തിയോടെ തുടരും.

പിണറായിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റ് പ്രക്ഷോഭ പരിപാടികള്‍ക്ക് യു.ഡി.എഫ് രൂപം നല്‍കും. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പ്രമാദമായ സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇക്കാര്യത്തില്‍ സിബിഐ. അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SHARE