‘ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞു’; ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ബി.ജെ.പിയുടെ അജണ്ടയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനങ്ങളോട് ബി.ജെ.പിക്ക് മറുപടി പറയേണ്ട സമയമാണിത്. ജനങ്ങളില്‍ നിന്ന് അവര്‍ ഒറ്റപ്പെടും. ആചാര സംരക്ഷണമോ വിശ്വാസ സംരക്ഷണമോ അല്ല ബി.ജെ.പിയുടെ ലക്ഷ്യം. അവരുടെ രാഷ്ട്രീയ അജണ്ട പൊളിഞ്ഞു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നും ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു.

നടയടക്കുമെന്ന തന്ത്രിയുടെ നിലപാട് ബി.ജെ.പിയുമായി ആലോചിച്ചെന്നായിരുന്നു പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പരാമര്‍ശങ്ങള്‍ വിവാദമാവുകയായിരുന്നു.