മൂന്നിലും പൊട്ടി ഗോവ; നില ദയനീയം

ചെന്നൈ: സീക്കോ എന്ന വെളുത്ത പെലെ ഇനി സ്വന്തം കുട്ടികളെ ഏത് പാഠം പഠിപ്പിക്കും…. തോറ്റിരിക്കുന്നു മൂന്നാം മല്‍സരത്തിലും ഗോവക്കാര്‍-അതും രണ്ട് ഗോളിന്. തപ്പിതടഞ്ഞ് നീങ്ങുകയായിരുന്ന ചാമ്പ്യന്മാരായ ചെന്നൈക്ക് കുതിപ്പിനുള്ള ഊര്‍ജ്ജമേകി രണ്ട് ഗോള്‍ വഴങ്ങിയാണ് ഗോവക്കാര്‍ പോയന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് തുടരുന്നത്. അവസരോചിതമായ രണ്ട് ഗോളുകള്‍ ചെന്നൈക്ക് തല ഉയര്‍ത്താന്‍ അവസരം നല്‍കിയതിനേക്കാള്‍ പൊരുതാന്‍ പോലും നില്‍ക്കാതെ ബോറന്‍ ഫുട്‌ബോള്‍ കാഴ്ച്ചവെച്ച ഗോവക്കാരായിരുന്നു നെഹ്‌റു സ്‌റ്റേഡിയത്തിലെ വില്ലന്മാര്‍. ആദ്യ മല്‍സരത്തില്‍ തന്നെ അബദ്ധം കാട്ടിയ ലക്ഷ്മികാന്ത് കട്ടിമണി എന്ന ഇന്ത്യന്‍ ഗോള്‍ക്കീപ്പറില്‍ നിന്ന് അനിതരസാധാരണമായ പ്രകടനമൊന്നും കണ്ടില്ല-രണ്ട് നല്ല ഷോട്ടുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക് വന്നത്. ചെന്നൈക്കാരുടെ ഡച്ച് താരം ഹാന്‍സ് മോള്‍ഡര്‍ പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് പായിച്ച ചാട്ടുളി കട്ടിമണിയെ നിസ്സഹായനാക്കി വലയില്‍ കയറിയപ്പോള്‍ മല്‍സരത്തിന് പ്രായം 15 മിനുട്ട്. ക്യാപ്റ്റന്റെ ആം ബാന്‍ഡണിഞ്ഞ താടിക്കാരന്‍ മെഹ്‌റാജുദ്ദീന്‍ വാദു 26-ാം മിനുട്ടില്‍ സ്വതസിദ്ധമായ ശൈലിയില്‍ പായിച്ച ഷോട്ടിന് ഗോവന്‍ ഡിഫന്‍ഡര്‍ തലവെച്ചപ്പോള്‍ കട്ടിമണിയിലെ കാവല്‍ക്കാരന് പന്ത് കാണാന്‍ പോലും കഴിഞ്ഞില്ല. 2-0 ത്തിന്റെ ആധിപത്യത്തില്‍ ആദ്യപകുതിക്ക് പിരിഞ്ഞ ചെന്നൈക്കാര്‍ രണ്ടാം പകുതിയില്‍ സമയം കളയാന്‍ കളിച്ചപ്പോള്‍ അതിനൊപ്പമായിരുന്നു ഗോവക്കാരും അവര്‍ ജയിക്കാനോ, സമനിലക്കോ ആയി പരിശ്രമിക്കാതെ ആലസ്യത്തിന്റെ അരങ്ങുകാരായി മാറി. റെയ്‌നാള്‍ഡഡോയെ പോലെ കഴിവുള്ള ഒരു താരം ഓട്ടക്കാരന്റെ റോളിലായിരുന്നു. ടീമിനെ പ്രചോദിപ്പിക്കാന്‍ നായകന്‍ ലൂസിയോക്കുമായില്ല

SHARE