ആയിരക്കണക്കിന് ദരിദ്ര രോഗികളെ പത്തു രൂപ ഫീസില്‍ ചികിത്സിച്ച ഡോക്ടര്‍ മോഹന്‍ റെഡ്ഢി ഓര്‍മയായി

ചെന്നൈ: പത്തുരൂപ ഡോക്ടര്‍ എന്ന പേരില്‍ പ്രശസ്തനായിരുന്ന ഡോ. സി മോഹന്‍ റെഡ്ഢി അന്തരിച്ചു. 84 വയസ്സായിരുന്നു. ഡോക്ടര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡില്‍ നിന്ന് മുക്തനായി തിരിച്ചു വന്നതിനു പിന്നാലെ ദിവസങ്ങള്‍ക്കകമാണ് മനുഷ്യസ്‌നേഹിയായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്.

വില്ലിവാക്കത്ത് മോഹന്‍ നഴ്‌സിങ് ഹോം എന്ന ആശുപത്രി നടത്തിയിരുന്നു. ഇവിടെ എത്തുന്ന രോഗികളില്‍ നിന്ന് പത്തു രൂപ മാത്രമാണ് ഇദ്ദേഹം ഫീസായി വാങ്ങിയിരുന്നത്.

1936 ആന്ധ്രയിലെ നെല്ലൂരിലാണ് ജനനം. ഗുഡൂരില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഡോക്ടര്‍ കില്‍പൗക് മെഡിക്കല്‍ കോളജില്‍ നിന്നാണ് ബിരുദം നേടിയത്. ഇതിനു ശേഷമാണ് തമിഴ്‌നാട്ടിലെത്തിയത്. വില്ലിവാക്കത്ത് 30 ബെഡുകളുള്ള ആശുപത്രി സ്ഥാപിക്കുകയും ചെയ്തു.

നൂറു രൂപയായിരുന്നു ഫീസ്. എന്നാല്‍ പാവപ്പെട്ട രോഗികളില്‍ നിന്ന് പത്തു രൂപ മാത്രമാണ് വാങ്ങിയിരുന്നത്. അവിവാഹിതനായ അദ്ദേഹത്തിന്റെ വാസവും ആശുപത്രിയില്‍ തന്നെയായിരുന്നു. സമയഭേദമില്ലാതെ രോഗികളെ ചികിത്സിച്ചിരുന്നു. കോവിഡ് കാലത്തും പ്രായം മറന്ന് അദ്ദേഹം രോഗികള്‍ക്കായി സമയം ചെലവഴിച്ചു.

SHARE