തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ പീഡന ശ്രമത്തിനിടെ ഒമ്പത് വയസ്സുകാരി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനാലുകാരന് അറസ്റ്റില്‍. സ്കൂളിനു സമീപത്തെ കൃഷിയിടത്തില്‍ തലയ്ക്കു പിന്നില്‍ പരുക്കേറ്റ നിലയിലാണു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അയല്‍വാസിയായ പതിനാലുകാരനാണ് കുട്ടിയെ അവശനിലയില്‍ കണ്ടെന്നു നാട്ടുകാരെ വിവരം അറിയിച്ചത്. മൊഴിയിലെ വൈരുധ്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു കൗമാരക്കാരനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടിയെ വീടിനു സമീപത്തെ ആളൊഴിഞ്ഞ കൃഷിയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ചെറുത്തു നിന്നതോടെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു ബോധംകെടുത്തി. സംഭവസ്ഥലത്തു നിന്നു കൗമാരക്കാരന്റെ രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.