ചെന്നൈ വിമാനത്താവളത്തില്‍ പുലിക്കുട്ടിയുമായി എത്തിയ യാത്രക്കാരന്‍ പിടിയില്‍

ചെന്നൈ: പുലിക്കുട്ടിയെ ബാഗില്‍ ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ പുലിക്കുട്ടിയെ കണ്ട് ഞെട്ടിയത്. ഒരുമാസം പ്രായമുള്ള പുള്ളിപ്പുലിക്കുട്ടിയെയാണ് ബാഗില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്.

തായ്‌ലന്റ്് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് തായ് എയര്‍വിഷന്‍ വിമാനത്തിലെത്തിയ കാജോ മൊയ്തീന്‍ (45) എന്ന യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. പുലിക്കുട്ടിയെ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് ഇയാളെ അറസ്റ്റു ചെയ്യുകയും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.

ചെന്നൈ എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് പുലിക്കുട്ടിയെ കണ്ടെടുത്തത്. അവശ നിലയിലായിരുന്ന പുലിക്കുട്ടിക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ പാല്‍ നല്‍കി. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. പുലിക്കുട്ടിയെ ചെന്നൈ അരിജ്ഞര്‍ അണ്ണാ സൂവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി.

SHARE