ചെന്നൈയില്‍ കോവിഡ് വ്യാപിക്കുന്നു.വാര്‍ഡുകള്‍ നിറഞ്ഞതോടെ പ്രവേശനത്തിനായി ആശുപത്രികള്‍ വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും ആലോചിക്കുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചു.
നിലവില്‍ ചെന്നൈയിലെ കോവിഡ് കേസുകള്‍ 30258 ആണ്. കേസുകള്‍ വര്‍ധിക്കുകയും അസുഖം ഭേദമാകുന്നവരുടെ എണ്ണം കുറയുകയും ചെയ്തതോടെ ആശുപത്രികള്‍ രോഗികളുടെ വെയ്റ്റിങ് ലിസ്റ്റ് ഇട്ടു തുടങ്ങി. കിടക്കകള്‍ ഒഴിവുണ്ടാകുന്നതിനനുസരിച്ച് ഈ ലിസ്റ്റില്‍ നിന്നാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇതിനു പുറമെ ഓരോ ആശുപത്രികള്‍ക്കും വീടുകളില്‍ ചികില്‍സയില്‍ കഴിയുന്ന ആയിരത്തിലേറെ രോഗികളുടെ നിരീക്ഷണ ചുമതലയുണ്ട്. 500 കിടക്കളുള്ള മദ്രാസ് മെഡിക്കല്‍ കോളജ് അതീവ ഗുരുതര രോഗികള്‍ക്കായി മാറ്റി. കില്‍പോക്ക് ,സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഏതാണ്ട് നിറഞ്ഞിരിക്കുകയാണ്. നിലവില്‍ 13 ദിവസമാകുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. മേയ് മാസത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. 13720 കേസുകള്‍. എന്നാല്‍ ജൂണില്‍ ആദ്യ പന്ത്രണ്ടു ദിവസത്തിനിടെ മാത്രം 13154 പേര്‍ ചെന്നൈയില്‍ രോഗികളായി.