ചെന്നൈയില്‍ സ്ഥിതി രൂക്ഷം; വീണ്ടും ലോക്കിലാക്കും, സഞ്ചാരം പൂര്‍ണമായിട്ടും തടഞ്ഞേക്കും

ചെന്നൈ: ചെന്നൈയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സേലത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.ഇതുവരെ 27398 പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്. 1407 പേര്‍ക്കാണ് ഇന്നലെമാത്രം രോഗം സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ആരോഗ്യ വിദഗ്ധരുടെ സമിതിയും തലസ്ഥാന നഗരം അടച്ചിടണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.

കടകള്‍ പതിനഞ്ചുദിവസത്തേക്ക് അടച്ചിടാനുള്ള സന്നദ്ധത വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റുസ്ഥലങ്ങളില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷത്തിനും ചെന്നൈ നഗരവുമായി ബന്ധമുണ്ട്. ഇതോടെയാണ് നഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്.

ചെന്നൈിലുള്ളവരുടെ സഞ്ചാരം പൂര്‍ണമായിട്ടും തടയാനാണ് നിര്‍ദ്ദേശം. തലസ്ഥാന നഗരത്തിലേക്ക് വരുന്നതും പോകുന്നതും പൂര്‍ണമായി തടയും. നഗരാതിര്‍ത്തികള്‍ അടയ്ക്കും. സമീപ ജില്ലകളായ ചെങ്കല്‍പേട്ട്,തിരുവെള്ളൂര്‍, കാഞ്ചിപുരം എന്നീ പ്രദേശങ്ങളിലും കടുത്ത നിയന്ത്രമുണ്ടാവും. അതിനിടെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.

SHARE