‘ഇവനാണ് ആ വാര്‍ത്ത കൊടുത്തത്, നിനക്ക് വെച്ചിട്ടുണ്ട്’; പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എം.എല്‍.എ സജി ചെറിയാന്‍

ചെങ്ങന്നൂര്‍: പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍. സര്‍ക്കാറിന്റെ സാലറി ചാലഞ്ചിനെതിരെ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകനു നേരെ എം.എല്‍.എ ഭീഷണി മുഴക്കിയത്.

നിര്‍ബന്ധിത പണപ്പിരിവെന്ന് വാര്‍ത്ത നല്‍കിയത് ഇവനാണ്, നിനക്ക് വെച്ചിട്ടുണ്ട്, നിന്നെ കാണിച്ചുതരാം, എന്നായിരുന്നു എം.എല്‍.എയുടെ ഭീഷണി.

മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും വേദിയില്‍ ഇരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകനോട് സജി ചെറിയാന്‍ ആക്രോശിച്ചത്. പിന്നീട് മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് എം.എല്‍.എയെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

സജി ചെറിയാന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. ജനപ്രതിനിധിയുടെ അന്തസ്സിന് ചേരാത്ത നടപടിയാണ് സജി ചെറിയാനില്‍ നിന്നുണ്ടായതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

SHARE