ചെങ്ങന്നൂരില്‍ പണംവാരിയെറിഞ്ഞ് ബി.ജെ.പി; വീടുകള്‍ കയറിയിറങ്ങി പണം വിതരണമെന്ന് പരാതി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പണം വാരിയെറിഞ്ഞ് ബി.ജെ.പി. വീടുകള്‍ കയറിയിറങ്ങിയാണ് ബി.ജെ.പി പണം വിതരണം ചെയ്ത് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോടൊപ്പം യുവാക്കള്‍ക്ക് തൊഴിലും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മണ്ഡലം സെക്രട്ടറി എം.എച്ച് റഷീദ് പൊലീസില്‍ പരാതി നല്‍കി.

സിംഗപ്പൂര്‍ ചേമ്പര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബി.ജെ.പിയുടെ എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ കണ്‍വീനറുമായ ക്യാപ്റ്റന്‍ കെ.എ പിള്ളയുടെ നേതൃത്വത്തിലാണ് പണം മണ്ഡലത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ വിതരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 2000 രൂപ മുതല്‍ അയ്യായിരം രൂപ വരേയും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തുമാണ് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇതിനേക്കാള്‍ വലിയ തുക നല്‍കുമെന്ന് ബി.ജെ.പി പറയുന്നുണ്ടെന്നും ആരോപണമുണ്ട്. വിഷയം പുറത്തറിഞ്ഞതോടെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സി.പി.എം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതോടെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ഡി വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ് ശ്രീധരന്‍പിള്ളയുമാണ് മത്സര രംഗത്തുള്ളത്.