ചെമ്പ്രമല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍; പ്രദേശത്തു നിന്നും നാട്ടുകാരെ മാറ്റി പാര്‍പ്പിച്ചു

 

മേപ്പാടി: ചെമ്പ്രമലയുടെ ഒരു ഭാഗം ഉരുള്‍പൊട്ടല്‍ ഭീഷണിയിലായതിനെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലക്ക് എരുമകൊല്ലി, ഇരുപത്തിരണ്ട്, കുന്നമ്പറ്റ, ഓടത്തോട് കൂട്ടമുണ്ട ഭാഗം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മുന്‍കരുതലെന്ന മാറ്റിപാര്‍പ്പിച്ചു. മേപ്പാടി പൊലീസിന്റെ നേതൃത്വത്തില്‍ മാറ്റി പാര്‍പ്പിക്കുന്നുത്. ശക്തമായ മഴയില്‍ അസാധാരണമായ ഉറവകള്‍ രൂപപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്പ്രമലയുടെ ഒരു ഭാഗത്ത് ചെറിയ തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ശക്തിയേറിയ മഴയും, ഉറവയും അനുഭവപ്പെടുന്നതിനാല്‍ ജനങ്ങളില്‍ ആശങ്ക ഉയരുന്നുണ്ട്. കുന്നമ്പറ്റ ഭാഗം വെള്ളപൊക്കം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ്. കുന്നമ്പറ്റ പാലത്തിന് സമീപത്തെ എല്ലാ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അടുത്തുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. മേപ്പാടിയിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുകളുണ്ടായിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും വൈദ്യുതിയും നിലച്ചിട്ടുണ്ട്. മേപ്പാടി ടൗണില്‍ കുടിവെള്ളംവിതരണം നിലച്ചിട്ട് ദിവസങ്ങളായി ചോലമല പുഴയില്‍ നിന്നും മോട്ടോറിന്റെ സഹായമില്ലാതെ നേരിട്ട് മേപ്പാടി ടൗണിലെ സംഭരണിയിലെത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും മലവെള്ളപാച്ചിലിലും പൈപ്പുകള്‍ ഒലിച്ചുപോയതിനാല്‍ മേപ്പാടി നിവാസികളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്.

SHARE