ചെമ്പരിക്ക ഖാസി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം

ന്യൂഡല്‍ഹി: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസര്‍കോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് നിവേദനം നല്‍കി. നേരത്തെ, ഖാസിയുടെ ബന്ധുക്കളും ശിഷ്യന്‍മാരും മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എംപിയായതിന് ശേഷം തുടരന്വേഷണത്തിന് ശ്രമം നടത്തുകയായിരുന്നുവെന്ന് രാജ്്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തിലെ 19 യുഡിഎഫ് എം.പിമാരുടെ ഒപ്പുകള്‍ ശേഖരിച്ച് നിവേദനം തയ്യാറാക്കി അമിത്ഷാക്ക് നല്‍കി. കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷും തന്നോടൊപ്പം ഉണ്ടായിരുന്നു. നിവേദനം സ്വീകരിച്ച മന്ത്രി അന്വേഷണം പ്രഖ്യാപിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡലത്തില്‍ മത്സരിക്കാനെത്തിയപ്പോള്‍ പ്രമുഖ ഇസ്ലാം പണ്ഡിതനും ,ചെമ്പരിക്ക ഖാസി C-M അബ്ദുള്ള മൗലവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും C-B-l അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും ശിഷ്യന്‍മാരും അനിയായികളും എന്നോട് പറഞ്ഞിരുന്നു. എന്നെ നിങ്ങള്‍ എം.പിയായി തെരെഞ്ഞെടുത്താല്‍ ഞാന്‍ ആത്മാര്‍ത്ഥമായി പുനരന്വേഷണത്തിന് എനിക്ക് കഴിയുംവിധം ശ്രമിക്കുമെന്ന് അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു. കാസര്‍ഗോട്ടെ ഒപ്പ് മരച്ചോട്ടിലെ ആക്ഷന്‍ കമ്മിറ്റിയുടെ സമരപന്തലും ഖാസിയുടെ ഭവനവും സന്ദര്‍ശിച്ചിരുന്നു. പിന്നീട് എം.പി ആയപ്പോള്‍ ആക്ഷന്‍ കമ്മിറ്റിയുടെ നിരവധിയായ സമര സദസ്സുകളില്‍ പ്രസംഗിക്കുകയും പുനരന്വേഷണത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും വീണ്ടുമറിയിച്ചു.പിന്നീട് കേരളത്തിലെ 19 U-D-F എം.പിമാരുടെ ഒപ്പുകള്‍ ശേഖരിച്ച് നിവേദനം തയ്യാറാക്കി പ്രസ്തുത നിവേദനം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.അമിത്ഷാക്ക് ഇന്ന് നല്‍കുകയുണ്ടായി ബഹു.കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് ചീഫ് വിപ്പ് ശ്രീ.കൊടിക്കുന്നില്‍ സുരേഷും എന്നോടൊപ്പം ഉണ്ടായിരുന്നു. നിവേദനത്തിലെ ഉള്ളടക്കം ശ്രദ്ധയോടെ കേട്ട ശ്രീ.അമിത് ഷാ C-B-l അന്വേക്ഷണം പ്രഖ്യാപിക്കാമെന്ന് എനിക്ക് ഉറപ്പ് നല്‍കി.ഖാസിയുടെ ശിഷ്യരോടും ബന്ധുക്കളോടും വിശിഷ്യ കാസര്‍ഗോട്ടെ ജനങ്ങളോടും നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യം എനിക്ക് ഉണ്ട്.