ന്യൂയോര്‍ക്ക്: കോവിഡ് ദുരിത കാലത്ത് രണ്ടര കോടി ജനങ്ങളുടെ വിശപ്പകറ്റിയ പ്രമുഖ പാചക വിദഗ്ധനും റസ്റ്ററന്റ് ശൃംഖലകളുടെ സ്ഥാപകനുമായ വികാസ് ഖന്ന മറ്റൊരു സാന്ത്വന പ്രവര്‍ത്തനത്തിലേക്കു കൂടി നീങ്ങുന്നു. തെരുവില്‍ കച്ചവടം ചെയ്യുന്ന ഒരു കോടി ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവശ്യ റേഷനും സാധനങ്ങളും നല്‍കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് ലോകത്താകമാനം പിടിമുറുക്കിയതിനെ തുടര്‍ന്ന് 48കാരനായ വികാസ് ഖന്ന ആരംഭിച്ച ‘ഫീഡ് ഇന്ത്യ ക്യാമ്പയി’ന്റെ ഭാഗമായാണ് പുതിയ സാന്ത്വന പ്രവര്‍ത്തനം.
‘രാജ്യത്തെ ഒരു കോടി തെരുവു കച്ചവടക്കാര്‍ക്ക് ഞങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്തെന്നാല്‍ ഇന്ത്യന്‍ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ പൈതൃകം ഈ കച്ചവടക്കാരുടെ കൈകളിലാണ് കിടക്കുന്നത്’-വികാസ് ഖന്ന പ്രസ് ട്രസ്റ്റ് ഇന്ത്യയോട് പറഞ്ഞു.
രാജ്യത്തെ 125 നഗരങ്ങളിലായി നിരവധി അനാഥാലയങ്ങള്‍, കുഷ്ഠരോഗ കേന്ദ്രങ്ങള്‍, വിധവാ ആശ്രമങ്ങള്‍, മുംബൈയിലെ പ്രശസ്തമായ ദബ്ബാവാലകള്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിങ്ങനെ തുടങ്ങി രണ്ടര കോടിയോളം ജനങ്ങള്‍ക്ക് ഇതുവരെ വികാസ് ഖന്നയുടെ പ്രയോജനം ലഭിച്ചു കഴിഞ്ഞു.
ആവശ്യക്കാര്‍ക്ക് സ്വയം മുന്നിട്ടിറങ്ങി വേണ്ട ഭക്ഷണ സാധനങ്ങള്‍ നല്‍കുകയാണ് വികാസ് ആദ്യം ചെയ്തത്. പിന്നീട് വികാസിന്റെ പ്രവര്‍ത്തനങ്ങളറിഞ്ഞ് നിരവധി കമ്പനികള്‍ സഹകരണത്തിന് തയ്യാറായി ഒപ്പമെത്തി. ജനങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ വളന്റിയര്‍മാരില്‍ നിന്നും അത്യാവശ്യ സഹായം വേണ്ടവരെ തിരിച്ചറിഞ്ഞു. ദേശീയ ദുരന്ത രക്ഷാ സേനയുമായി ചേര്‍ന്ന് വേണ്ടവര്‍ക്ക് സഹായമേകാന്‍ കഴിഞ്ഞു. 50ലധികം ബ്രാന്‍ഡുകളും സന്നദ്ധ സേവന വിഭാഗങ്ങളുമാണ് വികാസുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നത്.
കോവിഡ് വൈറസ് പിടിമുറുക്കുന്നതിനിടെ രണ്ടര കോടി ജനങ്ങള്‍ക്ക് വിവിധ സംഘടനകളുടെ സഹായ സഹകരണത്തോടെ നല്‍കിയ ഈ പുണ്യ പ്രവൃത്തി ഉടന്‍ ഇതിഹാസ കലാകാരിയായ ലതാ മങ്കേഷ്‌കറിന് സമര്‍പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും പാചകകലയില്‍ പരീക്ഷണങ്ങളുമായി തുടങ്ങി പിന്നീട് താജ്,ലീല, ഒബ്‌റോയ് പോലുളള വലിയ ഹോട്ടല്‍ ശൃംഖലകളി ജോലി നോക്കിയ വികാസ് ഖന്ന ലോകത്ത് തന്നെ ഇന്ത്യന്‍ മിഷെലിന്‍ സ്റ്റാര്‍ ഷെഫാണ്. വിവിധ പാചക ടെലിവിഷന്‍ ഷോകളില്‍ ജഡ്ജായും അവതാരകനായും വികാസ് തിളങ്ങിയിട്ടുണ്ട്