ശ്രീരാമന്റെ അമ്മ കൗസല്യക്കും ക്ഷേത്രം വരുന്നു; രൂപരേഖ പുറത്തുവിട്ടു

റായ്പൂര്‍: ശ്രീരാമന്റെ അമ്മ കൗസല്യക്കായി ക്ഷേത്രം നിര്‍മിക്കുമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഭൂപേഷ് ബാഘലാണ് ഈ പ്രഖ്യാപനം നടത്തിയത്. റായ്പുരിനടുത്തായിരിക്കും ക്ഷേത്രം നിര്‍മിക്കുക.

പുരാണത്തില്‍ പറയുന്ന അതേ മനോഹാരിതയിലുള്ള നഗരമാണ് വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രമാതൃകയുടെ നാല് ത്രീഡി ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രം, ക്ഷേത്രകവാടം, ജലാശയം എന്നിവയാണ് ചിത്രങ്ങളില്‍ പ്രധാനം. ജലാശയത്തിന് കുറുകെ നിര്‍മിച്ചിരിക്കുന്ന പാലത്തിലൂടെ വേണം ക്ഷേത്രത്തിലെത്താന്‍. ഈ പാലം കൈപ്പത്തികളില്‍ താങ്ങി നില്‍ക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്യുകയെന്നും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

രാമന്‍ സഞ്ചരിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ‘രാം വന്‍ ഗമന്‍’ പാതയിലെ പ്രദേശങ്ങളെ അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. അംബികാപുരിലെ രാംഗഢ്, കൊരിയയിലെ സീതാമാടി-ഹര്ചൗക, ജാഞ്ച്ഗിര്‍-ചമ്പയിലെ ശിവ് രി നാരായണ്‍, റായ്പുരിലെ ചാന്ദ്ഖുരി, ഗരിബന്തിലെ രജിം, ധംതാരിയിലെ സിഹാവാ-സപ്തര്‍ഷി ആശ്രമം, ബലോദാബസാറിലെ തുര്‍തുരിയ, ബസ്തറിലെ ജഗദല്‍പുര്‍, സുക്മയിലെ രാംരാം എന്നിവയാണാ സ്ഥലങ്ങള്‍.

ഈ മാസം തന്നെ ക്ഷേത്രനിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണറിയുന്നത്. 137.45 കോടി രൂപയാണ് പദ്ധതിക്കായി വരുന്ന ചിലവ്. രാമായണത്തില്‍ ദശരഥന്റെ മൂന്നുഭാര്യമാരില്‍ ഒരാളാണ് ശ്രീരാമന്റെ മാതാവായ കൗസല്യ. കൈകേയിയും സുമിത്രയുമാണ് മറ്റ് രണ്ടുപേര്‍.

SHARE