ദുബൈ: കോവിഡ് മഹാമാരിക്കിടെ ഗള്‍ഫില്‍ നിന്ന് ആദ്യമായി ഒരു ലോക്സഭാംഗത്തിന്റെ പേരില്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ത്യയില്‍ പറന്നിറങ്ങി. തൃശൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്റെ പേരിലുള്ള ചാര്‍ട്ടേര്‍ഡ് വിമാനമാണ് ഷാര്‍ജയില്‍ നിന്ന് 215 പേരുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറന്നിറങ്ങിയത്.
പ്രവാസി കെയര്‍ യുഎഇ ചാപ്റ്ററും ദുബായിലെ തൃശൂര്‍ ജില്ലാ ഇന്‍കാസ് കമ്മിറ്റിയും സംയുക്തമായാണ് എംപിയുടെ പേരില്‍ ചാര്‍ട്ടേഡ് വിമാനം സജ്ജമാക്കിയത്. യാത്രക്കാരില്‍ ഭൂരിഭാഗവും തൃശൂര്‍ പാര്‍ലമെന്റ് മേഖലയില്‍ നിന്നുള്ളവരായിരുന്നു. സമീപ മണ്ഡലമായ ചാലക്കുടിക്കാരും വിമാനത്തിലുണ്ടായിരുന്നു. ഗര്‍ഭിണികള്‍, വയോജനങ്ങള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ 215 പേരാണ് കൊച്ചിയിലെത്തിയത്.

റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്, ഇന്‍കാസ് യുഎഇ എന്നിവവയുടെ കൂടി സഹകരണത്തോടെയായിരുന്നു ഈ ചാര്‍ട്ടേര്‍ഡ് വിമാനം. സ്വന്തം നാട്ടില്‍ എത്താന്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്കും ഇതോടൊപ്പം സൗജന്യ വിമാന ടിക്കറ്റുകളും നല്കാന് കഴിഞ്ഞതായി ടി.എന്‍. പ്രതാപന് പറഞ്ഞു.
ഇന്‍കാസ് യുഎഇ നേതാക്കളായ എന്‍.പി. രാമചന്ദ്രന്, കെ.എച്ച്. താഹിര്‍, ഇന്‍കാസ് ദുബായ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബി.പവിത്രന്, പ്രവാസി കെയര്‍ യുഎഇ പ്രസിഡന്റ് മൊയ്തുണ്ണി ആലത്തയ്യില്‍, വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് സോളന്‍, റാസല്‍ഖൈമ കോ ഓര്‍ഡിനേറ്റര്‍ നാസര്‍ അല്‍ ദാന തുടങ്ങിയവരാണ് പ്രവാസി കെയറിന്റെ നേതൃത്വത്തിലുള്ളത്.