ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കേന്ദ്രാനുമതി; കെ.എം.സി.സി വിമാനങ്ങള്‍ ഉടനെത്തും


ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലേക്ക് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വിമാനത്തിന്റെ ചെലവ് വരുന്നവരോ ജോലി ചെയ്യുന്ന സ്ഥാപനങ്ങളോ വഹിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നേരത്തെ ഇതിനുള്ള അനുമതി തേടി കെ.എം.സി.സി ഭാരവാഹികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്ര കാര്യാലയങ്ങളെയും സമീപിച്ചിരുന്നു. ഇതോടനുബന്ധിച്ച് കെ.എം.സി.സി നേരിട്ട് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു സര്‍വീസ് നടത്താനുള്ള തയാറെടുപ്പുകളും ആരംഭിച്ചിരുന്നു. അനുമതി ലഭിക്കുന്നതോടെ കെ.എം.സി.സി ചാര്‍ട്ടര്‍ വിമാനങ്ങള്‍ നാട്ടിലെത്തും. അതേസമയം നാട്ടിലെത്തുന്നവര്‍ 14 ദിവസം സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം.

ചാര്‍ട്ടര്‍ വിമാന സൗകര്യമുണ്ടായിട്ടും അത് അനുവദിക്കാത്തതിന്റെ പേരില്‍ നിരവധി പ്രവാസികളാണ് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്കെല്ലാം ആശ്വാസമാവുന്നതാണ് പുതിയ തീരുമാനം. ആഴ്ചയില്‍ ഒന്നോ രണ്ടോ വിമാന സര്‍വീസുകള്‍ നടത്തിക്കൊണ്ടുള്ള നിലവിലെ സര്‍വീസ് അപര്യാപ്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു കെ.എം.സി.സി അടക്കം ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നത്.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ കൂടി ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചാലേ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പെടുത്താനാവുക.

SHARE