ചാര്‍ലിയുടെ മറാത്തി ടീസര്‍: വരവേല്‍പ്പിനൊരുങ്ങി ട്രോളര്‍മാര്‍

മലയാളത്തില്‍ ഹിറ്റായ ചില ചിത്രങ്ങള്‍ മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുമ്പോള്‍ അതിന്റെ ടീസറുകള്‍ മലയാളി ട്രോളേഴ്‌സിന് ഇഷ്ടപ്പെടാറില്ല. മലയാള താരങ്ങളുടെ അഭിനയമികവിന് പകരം വെക്കാന്‍ തെലുങ്കിലോ തമിഴിലോ താരങ്ങളില്ലെന്നതാണ് ട്രോളേഴ്‌സിന്റെ തോന്നല്‍. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തെലുങ്കിലെത്തിയപ്പോള്‍ നടന്‍ നാഗചൈതന്യയെ ട്രോളിയത് കുറച്ച് കടുപ്പത്തിലായിരുന്നു. കമന്റ്‌ബോക്‌സ് പോലും പൂട്ടുന്ന അവസ്ഥയാണ് അന്ന് യുട്യൂബിനുണ്ടായത്. എന്നാല്‍ പുതിയചിത്രത്തിന്റെ ടീസറിന് ട്രോളേഴ്‌സ് എന്ത് തരത്തിലുള്ള വരവേല്‍പ്പാണ് നല്‍കുന്നതെന്ന് കണ്ടറിയണം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ചിത്രമാണ് ചാര്‍ലി. മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രത്തിലെ നായിക പാര്‍വ്വതിയായിരുന്നു. പിന്നീട് തമിഴ്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലേക്ക് ചിത്രം എത്തുന്നത് വലിയ വാര്‍ത്തയായി. മറാത്തിയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ചാര്‍ലിയുടെ ടീസറാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഈ ടീസര്‍ ട്രോളേഴ്‌സ് എങ്ങനെ ഏറ്റെടുക്കുമെന്നാണ് ഇനി കാണേണ്ടത്. പ്രിയതാരങ്ങള്‍ അഭിനയിച്ച് ഫലിപ്പിച്ച ചാര്‍ലിയും ടെസ്സയും മറാത്തിയിലെത്തുമ്പോള്‍ മലയാള ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാകുമോയെന്നതാണ് ആശങ്ക. മുരളി നല്ലപ്പ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്കുഷ് ചൗധരി ചാര്‍ലിയായും തേജസ്വിനി പണ്ഡിറ്റ് ടെസ്സയായും വേഷമിടുന്നു. മറാത്തിയില്‍ ‘ദേവാ ചി മായാ-ദേവാ ഏക് അത്രാങ്കീ’ എന്നാണ് ചിത്രത്തിന്റെ പേര്.