ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്നകേസ്; ശരണ്യക്കെതിരായ കുറ്റപത്രം നാളെ സമര്‍പ്പിക്കും

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം നാളെ സമര്‍പ്പിക്കും. കുറ്റപത്രം ഇന്ന് നിയമ ഉപദേശകരുടെ അന്തിമ പരിശോധനയ്ക്ക് നല്‍കും. നാളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക. കഴിഞ്ഞ ഫെബ്രവരി 17 നാണ് കുട്ടിയുടെ മൃതദേഹം തയ്യില്‍ കടല്‍ ഭിത്തിയില്‍ കണ്ടെത്തുന്നത്. അടുത്ത ദിവസം വൈകുന്നേരത്തോടെ അമ്മ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശരണ്യ മകനെ രണ്ടുതവണ കടലിലേക്ക് എറിഞ്ഞു. ആദ്യതവണ എറിഞ്ഞപ്പോള്‍ പാറക്കൂട്ടത്തില്‍ വീണ് പരിക്കേറ്റ കുഞ്ഞ് കരഞ്ഞു. മരിച്ചെന്ന് ഉറപ്പ് വരുത്താന്‍ ശരണ്യ പാറക്കെട്ടിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടിയെ എടുത്തശേഷം ഒന്നുകൂടി കടലിലെറിഞ്ഞു. കടല്‍ക്കരയില്‍ ഇരുന്ന് കുഞ്ഞ് മരിച്ചെന്ന് ഉറപ്പു വരുത്തിയാണ് ശരണ്യ വീട്ടിലേക്ക് മടങ്ങിയത്. ഈ ഘട്ടത്തില്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ചെരിപ്പ് പോലീസ് തെളിവായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം വീട്ടിലെത്തിയ ശരണ്യ കിടന്നുറങ്ങി എന്നും കുറ്റപത്രം പറയുന്നു.

കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിതിനിന്റെ പ്രേരണയിലാണ് ശരണ്യ കൊലപാതകത്തിന് തയ്യാറായതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കുഞ്ഞിനെ വകവരുത്താനുള്ള ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ണൂര്‍ സിറ്റി സ്‌റ്റേഷന്‍ സി ഐ , പി ആര്‍ സതീശന്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. ഭര്‍ത്താവ് പ്രണവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാന്‍ ആണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നും കുറ്റപത്രം പറയുന്നു. ചോദ്യംചെയ്യലില്‍ മകന്‍ വിയാന്റെ കൊലപാതകം ഏറ്റെടുക്കാന്‍ ശരണ്യ തയ്യാറായില്ല. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ മുന്നിലാണ് ഒടുവില്‍ കുറ്റം സമ്മതിക്കേണ്ടി വന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 120 ബി, 109 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. കേസില്‍ ശരണ്യയുടെ ഭര്‍ത്താവ് പ്രണവിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കും. ശരണ്യയുടെ വസ്ത്രം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ശാസ്ത്രീയ തെളിവായി പരിഗണിക്കുന്നുണ്ട്.

SHARE