പരസ്യമാക്കാത്ത വിവരങ്ങളുമായി ദിലീപിനെതിരെ കുറ്റപത്രം തയ്യാര്‍

ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായെന്ന് പോലീസ്. തെളിവുകളും സാഹചര്യത്തെളിവുകളുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ പരസ്യമാക്കാത്ത വിവരങ്ങള്‍, ഇരുപതിലേറെ നിര്‍ണ്ണായക തെളിവുകള്‍, കോടതിക്ക് നല്‍കിയ രഹസ്യ മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യത്തെളിവുകള്‍ എന്നിവയാണ് റിപ്പോര്‍ട്ടിലുള്ളത്.

കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. നടി ആക്രമിക്കപ്പെട്ട് എട്ടുമാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാല്‍ തിയ്യതി മാറ്റുകയായിരുന്നു. അതേസമയം, കേസിലെ പ്രധാനപ്പെട്ട തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഡി.ജി.പി ബെഹ്‌റയും കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് പറഞ്ഞിരുന്നില്ല. കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിചാരണ പെട്ടെന്നാക്കാനുള്ള പ്രത്യേക കോടതിയെന്ന ആവശ്യം ഡി.ജി.പി മുന്നോട്ട് വെക്കും.