ജയ്ശ്രീറാം വിളിച്ചില്ല, ഇമാമിനെ തല്ലിയും താടി പിടിച്ചു വലിച്ചും സംഘ്പരിവാര്‍ ക്രൂരത

ലക്‌നൗ: ഇസ്ലാം മത പണ്ഡിതനെ വഴിയില്‍ തടഞ്ഞ് ജയ്ശ്രീറാം മന്ത്രം ഉച്ചരിക്കാന്‍ ആവശ്യപ്പെട്ട് ക്രൂര മര്‍ദനം. സംഘപരിവാര്‍ പ്രവര്‍ത്തകരായ 12 പേര്‍ ചേര്‍ന്നാണ് ഇമാമിനെ ക്രൂരമായി മര്‍ദിച്ചത്.പശ്ചിമ യുപിയിലെ ബാഗ്പതിലാണ് സംഭവം.

മുസഫര്‍ നഗര്‍ സ്വദേശിയും മതപണ്ഡിതനുമായ ഇമാം ഇംലാഖുര്‍റഹ്മാന്‍ തന്റെ ഗ്രാമത്തിലേക്ക് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വഴിയില്‍ വെച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരായ 12 പേര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഇമാമിനോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു. വിളിക്കാന്‍ തയ്യാറാവാതിരുന്നതോടെ അവര്‍ പ്രഹരിക്കുകയും താടി പിടിച്ചു വലിക്കുകയും ചെയ്തു. താടി വടിച്ചിട്ടല്ലാതെ ഗ്രാമത്തിലേക്ക് കടക്കരുതെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.