യാത്രക്കാരെ വലച്ച് 16527 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ്സിന്റെ സമയമാറ്റം

കോഴിക്കോട്‌: ആഗസ്റ്റ് മുതൽ നിലവിൽ വന്ന 16527 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ്സിന്റ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. ബാംഗ്ലൂരിൽ നിന്നും മലബാർ ഭാഗത്തേയ്ക്ക് പ്രതിദിന സർവീസ്സ് നടത്തുന്ന ഏക ട്രയിനായ യശ്വന്ത്പുർ കണ്ണൂർ എക്സ്സ് പ്രസ് ഇവിടെയുള്ള പ്രവാസികളുടെ ഏക ആശ്രയമായിരുന്നു.

രാത്രി എട്ട് മണിക്ക് യാത്ര ആരംഭിച്ച് പിറ്റേ ദിവസം പുലർച്ചെ എട്ട് മണിക്ക് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചിരുന്ന ഈ ട്രെയിൻ കോയമ്പത്തൂർ വഴി റൂട്ട് മാറ്റിയതിനെ തുടർന്ന് കേരളത്തിലെ സ്റ്റേഷനുകളിൽ മുക്കാൽ മണിക്കു റോളം കൂടുതൽ എടുത്താണ് എത്തിച്ചേർന്നു കൊണ്ടിരുന്നത്. ഈ ക്രമീകരണത്തിനു ശേഷം ഇപ്പോൾ കൊണ്ടുവന്ന പുതിയ സമയക്രമമാണ് യത്രക്കാർക്ക് ഇരുട്ടടിയായിരിക്കുന്നത്.

പുതിയ സമയക്രമമനുസരിച്ച് പാലക്കാട് മുതൽ12601 ചെന്നൈ മംഗലാപുരം മെയിലിന്റെ എസ് കോർട്ട് സർവീസ് ആയിട്ടാണ് 16527 യശ്വന്ത്പുർ കണ്ണൂർ എക്സ്സ്പ്രസ് സർവീസ് നടത്തുന്നത്.പാലക്കാട് മുതൽ കണ്ണൂർ വരെ പതിനാല് സ്റ്റോപ്പുകളുള്ള 12601 ചെന്നൈ മംഗലാപുരം മെയിലിന്റെ പിന്നിൽ എട്ട് സ്റ്റോപ്പുകളുള്ള 16527 യശ്വന്ത്പുർ എക്സ്സ്പ്രസ് സർവീസ് നടത്തുന്നത് യാത്രക്കാർക്ക് സമയനഷടവും റെയിൽവേയ്ക്ക് വരുമാന നഷ്ടവും ഉണ്ടാക്കുന്നുണ്ട്.

എല്ലാ വാരാന്ത്യങ്ങളിലും നാട്ടിൽ വന്നു പോകുന്ന ബാംഗ്ലൂർ പ്രവാസികൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ട്രെയിനിന്റെ സമയമാറ്റം പല പ്രധാനപ്പെട്ട കാര്യങ്ങൾക്കായി നാട്ടിലെത്തുന്നവരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട് അത് പോലെ മലബാർ ഭാഗത്തേക്കുള്ള പതിവ് യാത്രക്കാർ ടെയിൻ ഒഴിവാക്കി ബസ്സ് പോലുള്ള മറ്റ് യാത്രാമാർഗങ്ങൾ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ്. റെയിൽവേയുടെ ഈ തീരുമാനം ബസ്സ് ലോബിയെ സഹായിക്കാനുള്ള നീക്കമാണെന്നാണ് സ്ഥിരം യാത്രക്കാർ ആരോപിക്കുന്നത്.

ഈ രണ്ടു ട്രെയിനുകളും മിനിറ്റുകളുടെ വ്യത്യസത്തിൽ കടന്നു പോകുന്നത് ഒട്ടേറെ പതിവു യാത്രക്കാരെയും ബുദ്ധിമുട്ടിലായിട്ടുണ്ട്. കോഴിക്കോട് കണ്ണൂർ പാസ്സഞ്ചർ 6.40 ന് പോയതിനു ശേഷം ഒരു മണിക്കൂറിന് ശേഷം രണ്ട് ട്രെയിനുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ കടന്ന് പോകുന്നത് പതിവു യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 16527യശ്വന്ത്പുർ കണ്ണൂർ എക്സ്പ്രസിന്റെ പഴയ സമയക്രമം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം കൊടുത്തു വരികയാണ്.