മംഗലാപുരം വെടിവെപ്പ്; ഭീതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി ‘ചന്ദ്രിക’വാര്‍ത്താ സംഘം

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനു പിന്നാലെ കര്‍ഫ്യൂ ശക്തമാക്കിയിടത്തു നിന്നും ചിത്രങ്ങള്‍ പകര്‍ത്തി ‘ചന്ദ്രിക’വാര്‍ത്താ സംഘം. വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതോടെ പ്രദേശം പൊലീസ് കീഴടക്കുകയും മംഗളൂരുവും പരിസരവും ഇന്റര്‍നെറ്റ് ഉള്‍പ്പെടെ തടഞ്ഞ് ആശയ വിനിമയം തകരാറിലാക്കിയതും അതിജീവിച്ചായിരുന്നു ചന്ദ്രികാ സംഘത്തിന്റെ വാര്‍ത്താ ശേഖരണം.
വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ ശശിയും, ലേഖകന്‍ ദാവൂദും വാര്‍ത്ത ശേഖരത്തിനായി കണ്ണൂരില്‍ നിന്നും മംഗലാപുരത്തെത്തുന്നത്.

പ്രക്ഷോഭവും പൊലീസ് അതിക്രമവും നടന്നതോടെ നഗരം ഭീതിയിലായിരുന്നു. സ്ഥലത്തെ വിവിധ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടച്ചുപൂട്ടിയിരുന്നു. പൊലീസ് കാവലില്‍ ആസ്പത്രികള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ തെരുവില്‍ ഇറങ്ങിയില്ല. റോഡില്‍ മാധ്യമപ്രവര്‍ത്തകരെ പോലും പൊലീസ് തടയുകയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയുമുണ്ടായി. അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ് സാഹചര്യത്തില്‍ നിന്നായിരുന്നു സാഹസിക റിപ്പോര്‍ട്ടിങ്.

മംഗളുരു വെടിവെയ്പ്പില്‍ പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയില്‍ കഴിയുന്ന യൂണിറ്റ് ഹോസ്പിറ്റലിനു മുന്നില്‍ നിലയുറച്ച പൊലീസ് സേന (ചിത്രം കെ ശശി)

വെടിവെപ്പില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആസ്പത്രികള്‍ക്കുമുന്നിലും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചതോടെ ജനം ഭീതിയിലായിരുന്നു. കൂട്ടം കൂടി നല്‍ക്കുന്നവരെ പൊലീസ് തടഞ്ഞു. പരിക്കേറ്റവരുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് ആസ്പത്രി അധികൃതര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഹൈലാന്റ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഉള്‍പ്പെടെ പൊലീസ് അക്രമം കാണിച്ചതും ബന്ധുക്കളെ വരെ അക്രമിച്ചതും ഭീതിപടര്‍ത്തിയിരുന്നു.

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട നൗഷീന്‍, ജലീല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വെന്‍ലോക്ക് ആശ്പത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്‍സാന്‍ ജുമാമസ്ജിദിലേക്ക് കൊണ്ടുപോകുന്നു. (ചിത്രം കെ ശശി)

ഇതിനിടെ പരിക്കേറ്റവരുടെ ചിത്രമെടുക്കാനായി ശ്രമിച്ച ചന്ദ്രിക വാര്‍ത്താ സംഘത്തെ ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ച്ചയായി പരിശോധനക്ക് വിധേയമാക്കി. എന്നാല്‍ ആസ്പത്രിയില്‍ നിന്നും കി്ട്ടിയ ചിത്രങ്ങളുമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

(ചിത്രം കെ ശശി)
മംഗളുരു പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട നൗഷീന്‍, ജലീല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്‍സാന്‍ ജുമാമസ്ജിദിലേക്ക് കൊണ്ടുന്നപ്പോൾ , മറ്റുള്ളവരെ പ്രവേശിപ്പിക്കാതിരിക്കാൻ പോലീസ് റോഡ് തടഞ്ഞപ്പോൾ (ചിത്രം കെ ശശി)
(ചിത്രം കെ ശശി)

തുടര്‍ന്ന് മയ്യിത്ത് കുളിപ്പിക്കാന്‍ വേണ്ടി പള്ളിയിലേക്ക് എടുത്തോപ്പാഴാണ് മരിച്ചവരുടെ ചിത്രം പകര്‍ത്താനായത്.

കർഫ്യു പ്രക്യാപിച്ചതിനാൽ വിജനമായ മംഗലാപുരം നഗരം (ചിത്രം കെ ശശി)


വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെ മാത്രമാണ് മയ്യിത്ത് കാണിച്ചത്. വെന്‍ലോക്ക് ജില്ലാ ആസ്പത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് രണ്ടുമണിയോടെ കനത്ത പൊലീസ് സുരക്ഷയില്‍ യൂണിറ്റി ആസ്പത്രിക്ക് സമീപത്തെ ഇഹ്‌സാന്‍ മസ്ജിദില്‍ എത്തിച്ചപ്പോഴും പ്രദേശത്ത് വന്‍ പൊലീസ് സേനയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പോലും പ്രദേശത്തേക്ക് അടുപ്പിച്ചില്ല.

കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അതിക്രമം പുറംലോകം അറിയാതിരിക്കാന്‍ മലയാളി മാധ്യമപ്രവര്‍ത്തരെ കര്‍ണാടക പൊലീസ് ഏഴു മണിക്കൂര്‍ കസ്റ്റഡിയില്‍വച്ചിരുന്നു. വ്യാജന്‍മാരാണെന്നും ഭീകരായുധം കൈവശമുണ്ടെന്നും ആരോപിച്ചായിരുന്നു നടപടി. മംഗളൂരുവില്‍ പൊലീസ് വെടിവച്ചുകൊന്ന ജലീല്‍, നൗഷീന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യാനായി വെള്ളിയാഴ്ച രാവിലെ മംഗളൂരു വെന്‍ലോക് ആസ്പത്രി മോര്‍ച്ചറിക്കടുത്ത് എത്തിയ വാര്‍ത്താസംഘത്തെയാണ് മംഗളൂരു സിറ്റി കമീഷണര്‍ ഡോ. ഹര്‍ഷയുടെ നിര്‍ദേശപ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.

SHARE