‘സ്വപ്‌നം കണ്ടതെല്ലാം യാഥാര്‍ത്ഥ്യമാകുന്നു’; ‘സുഡാനിയില്‍’ തുടങ്ങി ‘തമാശയില്‍’ തിളങ്ങിയ നടന്‍ നവാസ് വള്ളിക്കുന്ന്

സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരികയും പുതിയ ചിത്രമായ തമാശയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന യുവനടനാണ് നവാസ് വള്ളിക്കുന്ന്. സ്വാഭാവികത്തനിമയുള്ള അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരുടെ ഹൃദയത്തിലെത്തിയിരിക്കുകയാണ് നവാസ്. തമാശയില്‍ നായകനായ വിനയ് ഫോര്‍ട്ടിനോടൊനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് നവാസിന്റെ റഹീമും.

കോഴിക്കോട്ടെ പന്തീരാങ്കാവില്‍ പെയിന്റിംങ് തൊഴിലാളിയായിരുന്ന നവാസിപ്പോള്‍ നാട്ടുഭാഷയും പ്രയോഗങ്ങളുമായി തിയ്യേറ്ററില്‍ അരങ്ങുവാഴുകയാണ്. സിനിമയെക്കുറിച്ചുള്ള ചില കൊച്ചുവിശേഷങ്ങള്‍ നവാസ് ചന്ദ്രികയോട് മനസു തുറക്കുന്നു.

സിനിമയിലേക്കുള്ള വരവ് എങ്ങനെയാണ്?

സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ കൈരളിയിലും ഏഷ്യാനെറ്റിലും മറ്റു വേദികളിലുമൊക്കെയായി മിമിക്രി അവതരിപ്പിച്ചിരുന്നു. അതിനു മുമ്പ് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ വള്ളിക്കുന്ന് പെയിന്റ്ിംഗ് തൊഴിലാളിയായിരുന്നു. അതായിരുന്നു ഉപജീവനമാര്‍ഗ്ഗം. എന്നാല്‍ മിമിക്രി വേദികളൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന പരിപാടിയിലൂടെയാണ് ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ ജനപ്രിയ നായകന്‍ അവാര്‍ഡ് എനിക്ക് ലഭിച്ചിരുന്നു. ഇത് കണ്ടാണ് സുഡാനിഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദ് എന്നെ സുഡാനിയിലേക്ക് വിളിക്കുന്നത്. മൂന്നാമത്തെ മകളായ ആയിഷയെ പ്രസവിച്ച അന്നാണ് സുഡാനിയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നത്. ആസ്പത്രിയില്‍ നിന്ന് നേരെ ഷൂട്ടിങ് സെറ്റിലേക്കാണ് പോയത്. അങ്ങനെ സുഡാനിയിലെ കഥാപാത്രം ജീവിതത്തില്‍ വഴിത്തിരിവാവുകയായിരുന്നു.

സുഡാനിയിലെ അഭിനയത്തെക്കുറിച്ച്?

സുഡാനി ഫ്രം നൈജീരിയ ഇറങ്ങിയപ്പോള്‍ തന്നെ അഭിനയത്തിന് വളരെയധികം അംഗീകാരം ലഭിച്ചിരുന്നു. ഒരുപാട് പേരുടെ വിളികളും മെസേജുകളുമൊക്കെ ലഭിച്ചിരുന്നു. അറിയുന്നവരും അറിയാത്തവരുമൊക്കെയായി പലരും വിളിച്ച് അഭിനന്ദിക്കാറുണ്ട്.

സുഡാനിക്ക് ശേഷം പിന്നീട് എങ്ങനെയായിരുന്നു?

അതിന് ശേഷമാണ് ഫ്രഞ്ച് വിപ്ലവം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. കെ.ബി മജുവായിരുന്നു സംവിധായകന്‍. സിനിമയിലെ മാവോ എന്ന ക്യാരക്റ്ററിന്റെ അഭിനയം നന്നായിരുന്നുവെന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് തമാശയിലെത്തുന്നത്.

തമാശയിലേക്ക് എങ്ങനെയാണ്?

തമാശയിലേക്ക് സമീര്‍ താഹിര്‍ വിളിക്കുകയായിരുന്നു. വിദ്യാഭ്യാസമൊക്കെയുള്ള ക്യാരക്റ്ററാണ് ചെയ്യാനുള്ളതെന്ന് പറഞ്ഞിരുന്നു. പൊന്നാനിയിലും കുറ്റിപ്പുറത്തൊക്കെയായിരുന്നു സിനിമയുടെ ഷൂട്ടിങ്. സംവിധായകന്‍ അഷ്‌റഫ്ക്ക സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ്. ഭയങ്കരമായി ഓവറായി ഒന്നും ചെയ്യേണ്ടതില്ല. പിന്നെ ഹാപ്പി ഹവേഴ്‌സ് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്. അത് വലിയൊരു എക്‌സ്പീരിയന്‍സുമാണ്. ഇവര്‍ക്കൊപ്പം നിന്നാല്‍ പിന്നെ എവിടെപോയാലും നമുക്ക് ചെയ്യാന്‍ കഴിയും. തമാശയിലെ അഭിനയവും ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞു. തിയ്യേറ്ററിലൊക്കെ വലിയ കയ്യടിയാണ് കിട്ടുന്നത്.പലരും മാമുക്കോയയോട് സാദൃശ്യപ്പെടുത്തി സംസാരിക്കുന്നുണ്ട്. അതിലൊക്കെ ഭയങ്കര സന്തോഷവാനാണ്. ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ മാമുക്കോയയുടെ പിന്‍ഗാമിയെന്നൊക്കെ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. അള്ളാഹുവിന് സ്തുതി. സ്വപ്‌നം കണ്ടതൊക്കെ യാഥാര്‍ത്ഥ്യമാവുകയാണ്.

മലയാളത്തിലെ ഇഷ്ടപ്പെട്ട നടന്‍മാര്‍ ആരൊക്കെയാണ്?

പ്രേംനസീറും സത്യനുമാണ് ഇഷ്ടപ്പെട്ട താരങ്ങള്‍. അവരെ മിമിക്രിയില്‍ അനുകരിച്ചാണ് അഭിനയമോഹം പൂവിടുന്നത്. പ്രേനസീറിന്റെ ഫാനാണെങ്കിലും മമ്മുട്ടിയും മോഹന്‍ലാലുമാണ് ഇക്കാലത്തെ ഇഷ്ടപ്പെട്ട താരങ്ങള്‍. സിനിമയിലെ ചെറിയ റോളുകള്‍ ചെയ്യുന്നവരോട് പ്രത്യേകതരം ഇഷ്ടമാണ്. മാമുക്കോയയുടെ പോലെ അഭിനയം ഉണ്ടെന്നൊക്കെ പറഞ്ഞതിന് ശേഷം ഞാന്‍ മാമുക്കോയയെ വീട്ടില്‍പോയി കണ്ടിരുന്നു.

സിനിമാ അഭിനയത്തോട് സാധാരണ കുടുംബങ്ങളിലുള്ളവര്‍ മുഖം തിരിഞ്ഞുനില്‍ക്കാറുണ്ട്. നവാസിന്റെ കുടുംബത്തിന്റെ കാര്യത്തിലെങ്ങനെയാണ്?

അഭിനയത്തിന് പൂര്‍ണ്ണപിന്തുണയാണ് കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ളത്. അവര്‍ക്ക് ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടവുമാണ്. മതപരമായ കാര്യങ്ങളൊന്നും ഇതിന് തടസ്സമില്ല. നമുക്കു ചെയ്യാനുള്ളതായ നോമ്പും നിസ്‌ക്കാരവുമൊക്കെ ചെയ്തതിന് ശേഷമാണ് സിനിമയും അഭിനയവുമൊക്കെ.

അടുത്ത പ്രൊജക്ടറ്റുകള്‍?

തമാശ കഴിഞ്ഞപ്പോള്‍ പുതിയ സിനിമയൊക്കെ കിട്ടി. ഒരുപാട് വര്‍ക്കുകള്‍ വന്നുകിടക്കുന്നുണ്ട്. പിടികിട്ടാപ്പുള്ളിയാണ് പുതിയ സിനിമ. നവാഗതനായ ഷൈജു ശ്രീകണ്ഠനാണ് സംവിധായകന്‍.

കുടുംബം?

ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൂത്തമകന്‍ നിയാസ് ആറാംക്ലാസിലാണ് പഠിക്കുന്നത്. മകള്‍ നസ്ല രണ്ടിലും പഠിക്കുന്നു. മൂന്നാമത്തെ മകള്‍ ആയിഷ ഒരു വയസ്സുകാരിയാണ്. ഉമ്മയും ഉപ്പയും മൂന്ന് പെങ്ങന്‍മാരും ഒരനിയനും അടങ്ങുന്നതാണ് കുടുംബം.